ഗവർണർ പദവികൾ നമുക്കാവശ്യമോ? ഒരു സംസ്ഥാനത്തിെൻറ പരമാധികാരി ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയാണെന്നുള്ള പരമപ്രധാനമായ സത്യം ഒരിക്കൽക്കൂടി വെളിവാക്കപ്പെടുന്നതായിരുന്നു ഡൽഹി ലെഫ്. ഗവർണർ പ്രശ്നത്തിലുള്ള നീതിയുക്തമായ സുപ്രീകോടതി വിധി. സുഗമമായ ഭരണ സംവിധാനത്തിന് ബ്രിട്ടീഷുകാർ നടപ്പാക്കിയ 'ഗവർണർ' സമ്പ്രദായം ബ്രിട്ടീഷുകാർ നാട് വിട്ടുപോയിട്ടും നമ്മൾ പിന്തുടരുന്നതിെൻറ പരിണിതഫലമാണ് നമ്മുടെ സംസ്ഥാനങ്ങളിൽ ഇന്നു കാണുന്ന ഗവർണർ പദവികൾ. പലപ്പോഴും പല സംസ്ഥാനങ്ങളിലും ആ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാരുമായി അവിടത്തെ ഗവർണർമാർ കൊമ്പുകോർക്കുന്നതും നമ്മൾ കാണാറുണ്ട്. ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്ന ഘട്ടത്തിൽ ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സംവിധാനം ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ടാണ് അവർ ഭരണകൂടത്തിെൻറ ഭാഗമായിട്ട് അന്ന് ഗവർണർ പദവികളെ നിലനിർത്തിപ്പോന്നിരുന്നത്. ഇപ്പോൾ ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളെ ആര് ഭരിക്കണമെന്ന് ജനങ്ങൾതന്നെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ജനപ്രതിനിധിയായ മുഖ്യമന്ത്രിക്കും ജനങ്ങൾക്കുമിടയിൽ ഇങ്ങനെയൊരു ഗവർണർ സ്ഥാനം ആവശ്യമുണ്ടോ? ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ ഗവർണർ പദവികൾ 70 വർഷത്തിനു ശേഷവും നമ്മൾ കൊണ്ടുനടക്കേണ്ടതുണ്ടോ? മാറ്റങ്ങൾ കാലഘട്ടത്തിന് അനുസൃതമായിട്ടായിരിക്കണം. അത്തരം കാലാനുസൃത മാറ്റങ്ങൾ ഭരണഘടനയിൽ വരുത്തേണ്ടതും അത്യാവശ്യമാണ്. എ.കെ. അനിൽകുമാർ നെയ്യാറ്റിൻകര ഗതാഗത സംസ്കാരം പരിഗണിക്കപ്പെടണം സ്വകാര്യ ബസ് മേഖല കേവലം ലാഭക്കൊതിയരായി അധഃപതിച്ചിരിക്കുന്നു. ഓരോ ബസ് കമ്പനിയുടെയും ലക്ഷ്യം കൂടുതൽ കലക്ഷൻ നേടുക എന്നതു മാത്രമായിരിക്കുകയാണ്. തൊട്ടു മുന്നിലും പിന്നിലുമുള്ള ബസുകളുടെ കലക്ഷൻ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തിൽ ചീറിപ്പായുന്ന ബസുകൾ നിരന്തര കാഴ്ചയായി മാറി. ഈ അമിത വേഗം പൊതുജനത്തിനു നേരെ വലിയ രീതിയിലുള്ള അപകടഭീഷണിയാണ് ഉയർത്തുന്നത്. ഒറ്റ ദിവസത്തെ നടുക്കത്തിൽ അവസാനിക്കുന്നത്ര ശീലമായിരിക്കുകയാണ് കേരളത്തിലെ റോഡപകടങ്ങൾ. പ്രതിദിനം ശരാശരി 12 പേരെങ്കിലും വാഹനാപകടത്തിൽ മരിക്കുന്നു എന്നാണ് നാറ്റ്പാക്കിെൻറ കണക്കുകൾ പറയുന്നത്. 1960 മുതലാണ് റോഡപകടങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ കേരളം ഈ കാര്യത്തിൽ മികച്ച ലീഡ് പുലർത്തുന്നു. ഇതിനൊരു പരിഹാരം അത്യാവശ്യമായിരിക്കുന്നു. 2011ൽ കോഴിക്കോട് പന്തീരാങ്കാവ് നഗരത്തിൽ റോഡപകടങ്ങൾ കുറക്കാൻ ഒരു പദ്ധതി രൂപവത്കരിക്കുകയുണ്ടായി. വൻ വിജയമാണ് പദ്ധതിക്ക്് ലഭിച്ചത്. സ്വകാര്യ ബസ് കമ്പനികളുടെ ഒരു കൂട്ടായ്മ. ഇതിെൻറ കീഴിൽ എല്ലാ ബസിെൻറയും ദൈനംദിന കലക്ഷൻ ഒരുമിച്ച് ശേഖരിക്കും. എന്നിട്ട് നിശ്ചിത അനുപാതം അനുസരിച്ച് വീതംവെക്കും. ഈ പദ്ധതി കേരളം മുഴുവൻ നടപ്പാക്കേണ്ടതുണ്ട്. എങ്കിലേ നമ്മുടെ ഗതാഗത സംസ്കാരം മെച്ചപ്പെടുകയുള്ളൂ. ബുജൈർ തലപ്പെരുമണ്ണ, കാപ്പാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.