ഫ്ലക്​സുകൾ തരുമോ; ആദിവാസി കുടുംബങ്ങളെ ദുരിതമഴയിൽനിന്ന്​ കാക്കാൻ

* ചോർന്നൊലിക്കുന്ന ആദിവാസി കൂരകൾക്ക് ലോകകപ്പ് ഫ്ലക്സുകൾകൊണ്ട് മറയിടാനൊരുങ്ങി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൽപറ്റ: ലോകകപ്പിൽ ചങ്കും ചങ്കിടിപ്പുമായ പ്രമുഖ ടീമുകൾ കപ്പിനടുത്തെത്താനാകാതെ കളം വിട്ടതോടെ കണ്ണീരുമായി കഴിയുന്ന ആരാധകരുടെ ശ്രദ്ധക്ക്. ഇഷ്ട ടീമിനെ പ്രകീർത്തിച്ച് നിങ്ങളുയർത്തിയ ഫ്ലക്സുകൾ പാവങ്ങളുടെ ദുരിതത്തിന് മറയിടാനുപകരിക്കും. കോഴിക്കൂട് മൂടാനല്ല, ആദിവാസികൂരകൾ മറയ്ക്കാനാണ് ഫ്ലക്സുകൾ ആവശ്യം. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ദുരിത കൂരകളിൽ കഴിയുന്ന ആദിവാസികൾക്ക് ആശ്വാസമേകുന്ന നടപടിയുമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. ജില്ല വൈസ് ചെയർമാൻ ഷമീർ ചേനക്കൽ, കെ.കെ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ശേഖരിക്കുക. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരണങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറയുന്നു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവർ ഫ്ലക്സ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആരാധകർ ഏറെയുള്ള അർജൻറീന, ബ്രസീൽ, ജർമനി, പോർചുഗൽ, സ്പെയിൻ എന്നീ ടീമുകളുടെ പുറത്താകലോടെ ഫ്ലക്സുകൾ നൽകാമെന്നറിയിച്ചുള്ള ഫോൺ വിളികളുടെ എണ്ണവും കൂടി. ആദ്യഘട്ടമെന്ന നിലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഫ്ലക്സുകൾ ശേഖരിക്കും. ചിലർ ഫ്ലക്സുകൾ അഴിച്ചുവെച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവ നിർദിഷ്ട സ്ഥലങ്ങളിലെത്തി അഴിച്ചെടുക്കണം. ഒമ്നി വാനിൽ ശേഖരിക്കുന്ന ഫ്ലക്സുകൾ ബത്തേരിയിൽ എത്തിക്കും. അടുത്ത ദിവസങ്ങളിലായി ഇതര ജില്ലകളിൽനിന്നും ഫ്ലക്സുകൾ ശേഖരിക്കും. തുടർന്ന്, ഇവ ആവശ്യക്കാരിലെത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വയനാട്ടിലെ നിരവധി ആദിവാസി കുടുംബങ്ങൾ കഴിയുന്നത് വാസയോഗ്യമല്ലാത്ത കുടിലുകളിലാണ്. പ്ലാസ്റ്റിക് കൊണ്ടും ഒാല കൊണ്ടും മറച്ച കുടിലുകളിൽ മഴക്കാലമാകുന്നതോടെ ചോർച്ചയാരംഭിക്കും. നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്ത കൂരകളിൽ താമസിക്കുന്നത് നാലും അഞ്ചും പേരാണ്. ആദിവാസി ക്ഷേമം പറഞ്ഞ് സർക്കാർ നിരവധി പദ്ധതികളിറക്കുന്നുണ്ടെങ്കിലും പലതും ലക്ഷ്യത്തിലെത്തുന്നില്ല. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചിലർക്ക് വീടുയർന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കുടിലുകളിലാണ്. കാലവർഷം കനത്തതോടെ ദുരിതക്കയത്തിലാണിവർ. തിമിർത്തുപെയ്യുന്ന മഴയിൽനിന്ന് താൽക്കാലിക ആശ്വാസം നൽകാനെങ്കിലും ഇവർക്ക് ലോകകപ്പ് ഫ്ലക്സുകൾ ഉപകരിക്കും. SUNWDG1 മേപ്പാടി ഒന്നാംമൈലിലെ ഫ്ലക്സുകൾ SUNWDG2 വയനാട്ടിലെ ആദിവാസി കുടിലുകളിലൊന്ന് - രഞ്ജിത്ത് കളത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.