'ഒറ്റപ്പെടുന്ന വയനാടിനെ രക്ഷിക്കാൻ ഒറ്റക്കെട്ടായ മുന്നേറ്റം വേണം' * ചുരം നിയന്ത്രണം വയനാട് കലക്ടർക്കുകൂടി നൽകണമെന്ന് ആവശ്യം കൽപറ്റ: ചുരത്തിൽ ഗതാഗതതടസ്സമുണ്ടാകുമ്പോൾ ഒറ്റപ്പെടുന്ന ജില്ലയെ രക്ഷിക്കാൻ ചുരമില്ലാത്ത ബദൽ റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി യോഗം ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമയുടെ അധ്യക്ഷതയിൽ എ.പി.ജെ ഹാളിലായിരുന്നു യോഗം. ഒറ്റപ്പെടുന്ന ജില്ലയെ രക്ഷിക്കാൻ ഒറ്റക്കെട്ടായ മുന്നേറ്റമാണ് വേണ്ടതെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. ബദൽ റോഡ് യാഥാർഥ്യമാക്കി ജില്ലയിലേക്കുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. പ്രശ്നപരിഹാരത്തിനായി എം.ഐ. ഷാനവാസ് എം.പി ചെയർമാനും സി.കെ. ശശീന്ദ്രൻ എം.എൽ.എ വർക്കിങ് ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ കൺവീനറും എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു എന്നിവർ വൈസ് ചെയർമാൻമാരും ജില്ല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്്ട്രീയ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുമടങ്ങിയ കർമസമിതി രൂപവത്കരിച്ചു. ജില്ലയുടെ ആവശ്യം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സജീവ പരിഗണനയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിക്കായി പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ ശ്രമിക്കും. ചുരത്തിെൻറ നിയന്ത്രണം വയനാട് കലക്ടർക്കുകൂടി നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി അനുകൂല നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതായി സി.കെ. ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. ബദൽ റോഡുകളുടെ സാധ്യത പട്ടിക തയാറാക്കി സർക്കാറിനു സമർപ്പിക്കും. പ്രാദേശിക വികാരങ്ങൾക്കുപരി ജില്ലയുടെ ആവശ്യമെന്ന തരത്തിലേക്കുയരാൻ ഓരോരുത്തർക്കും കഴിയണമെന്നും എം.എൽ.എ സൂചിപ്പിച്ചു. വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ പഠനം നടത്തി അനുയോജ്യമായ ബദൽപാത കണ്ടെത്താൻ സാധിക്കണമെന്നും തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ബദൽപാതക്ക് ആവശ്യമായി വരുന്ന എല്ലാ രേഖകളും യഥാസമയം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ജില്ല കലക്ടർ എ.ആർ. അജയകുമാർ പറഞ്ഞു. യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.പി.എ. കരീം, കെ.എൽ. പൗലോസ്, പി. ഗഗാറിൻ, കെ. സദാനന്ദൻ, കെ.കെ. അഹമ്മദ് ഹാജി, എൻ.ഡി. അപ്പച്ചൻ, സരസമ്മ, കെ.വി. ശശി, ആൻറണി, കെ.കെ. ഹനീഫ, ടി. ഉഷാകുമാരി, എ. ദേവകി, അനില തോമസ്, പി.എൻ. വിമല, വർഗീസ് മുരിയൻകാവിൽ, സി. ഓമന, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ സ്വാഗതവും ജില്ല പഞ്ചായത്തംഗം പി. ഇസ്മയിൽ നന്ദിയും പറഞ്ഞു. THUWDL11 ചുരം ബദൽ റോഡിനായി ചേർന്ന സർവകക്ഷി യോഗത്തിൽ എം.ഐ. ഷാനവാസ് എം.പി സംസാരിക്കുന്നു ക്വിസ് മത്സരം നാളെ കൽപറ്റ: ഹൈസ്കൂൾ വിദ്യാർഥികൾക്കായി വായനദിന മാസാചരണത്തിെൻറ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ജില്ലതല ക്വിസ് മത്സരം നടത്തുന്നു. ശനിയാഴ്ച രാവിലെ 10ന് കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. വിദ്യാർഥികൾ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രവുമായി ഹാജരാകണം. ഒരു സ്കൂളിൽനിന്ന് രണ്ടു വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 9447887847.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.