തലശ്ശേരി-മാഹി-അഴിയൂര്‍ ബൈപാസ്: കൂടുതല്‍ സ്ഥലമേറ്റെടുക്കുന്നു

സ്ഥലം നഷ്ടപ്പെടുന്നവർക്ക് ആശങ്ക സ്വന്തം ലേഖകൻ വടകര: തലശ്ശേരി-മാഹി-അഴിയൂര്‍ ബൈപാസിന് കൂടുതല്‍ സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി റവന്യൂ വകുപ്പ്. ദേശീയപാതയില്‍ എരിക്കിന്‍ചാല്‍ റോഡ് തുടങ്ങുന്ന സ്ഥലംവരെ ഇരുഭാഗത്തുമാണ് പുതുതായി കൂടുതല്‍ ഭൂമി ഏറ്റെടുക്കല്‍ നടന്നുവരുന്നത്. നിലവില്‍ മുഴപ്പിലങ്ങാട്ടുനിന്ന് ആരംഭിച്ച് അഴിയൂര്‍ എക്സൈസ് ചെക്ക്േപാസ്റ്റിന് സമീപം അവസാനിക്കുന്ന വിധത്തിലാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇതി‍​െൻറ ഭാഗമായി അഴിയൂര്‍ കക്കടവ് മുതല്‍ അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് വരെ ബൈപാസ് കടന്നുപോകുന്ന വഴിയിലുള്ളവര്‍ക്ക് നഷ്ടപരിഹാര വിതരണം തുടങ്ങി. മുഴുപ്പിലങ്ങാട് ഭാഗത്ത് റോഡ് നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ അഴിയൂര്‍ എരിക്കിന്‍ചാല്‍ റോഡ് തുടങ്ങുന്ന സ്ഥലംവരെ റവന്യു സംഘം സ്ഥലപരിശോധന, കെട്ടിടങ്ങളുടെ വില നിര്‍ണയം, മരങ്ങളുടെ കണക്കെടുപ്പ് എന്നിവ നടത്തിവരുന്നത്. അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് മുതലുള്ള സ്ഥലങ്ങള്‍, അഴിയൂര്‍ മുതല്‍ വെങ്ങളം വരെ ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ 2011ല്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിൽപ്പെടുത്തിയിരുന്നു. ഇതിൽ പറഞ്ഞ സ്ഥലങ്ങളാണ് ഇപ്പോള്‍ ബൈപാസിനായി കൂട്ടിച്ചേര്‍ക്കുന്നത്. കൂടുതല്‍ സ്ഥലം വീണ്ടും ഏറ്റെടുക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് വരെ ബൈപാസിന് നേരത്തേ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭ പാതയിലാണ്. നേരത്തേയുള്ള മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരമാണ് ഇതിനും നൽകുന്നതെങ്കിൽ തുച്ഛമായിരിക്കുമെന്നാണ് വിലയിരുത്തല്‍. തലശ്ശേരി-മാഹി ബൈപാസില്‍ കുഞ്ഞിപ്പള്ളി ഭാഗത്ത് ടോള്‍ ബൂത്ത് സ്ഥാപിക്കുമെന്ന് വിവരാവകാശനിയമ പ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ടോള്‍ ബൂത്തിനായി തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ 75 മീറ്റര്‍ വീതിയിലധികം സ്ഥലം അക്വയര്‍ ചെയ്തിരുന്നു. ഇതേ മാതൃകയിലുള്ള നടപടികള്‍ ഇവിടെയും ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. 'ദേശീയപാത അതോറിറ്റി ഒളിച്ചുകളി അവസാനിപ്പിക്കണം' അഴിയൂര്‍: തലശ്ശേരി-മാഹി-അഴിയൂര്‍ ബെപാസി​െൻറ കാര്യത്തില്‍ ദേശീയപാത അതോറിറ്റി ഒളിച്ചുകളി അവസാനിപ്പിച്ച് റോഡി‍​െൻറ ഘടന പരസ്യപ്പെടുത്തണമെന്ന് കർമസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് എത്ര മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടോയെന്ന് വെളിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പി.കെ. നാണു അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, എ.ടി. മഹേഷ്, പി. രാഘവന്‍, മൊയ്തു അഴിയൂര്‍, പി. ബാബുരാജ്, കെ. അന്‍വര്‍ ഹാജി, കെ. കുഞ്ഞിരാമന്‍, പി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.