കോഴിക്കോട്: കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രകോപിതരായ പ്രവര്‍ത്തകർക്കുനേരെ പൊലീസ് ലാത്തിവീശിയതിനെ തുടർന്ന് ജില്ല പ്രസിഡൻറുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിനും നിസ്സാര പരിക്കുണ്ട്. ജസ്‌നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, പരിയാരം മെഡിക്കൽ കോളജ് ഫീസ് ഏകീകരിക്കുക, പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ച ഉച്ചക്കാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. സമരം അക്രമാസക്തമാകുമെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പിനെ തുടർന്ന് സൗത്ത് അസി. കമീഷണര്‍ കെ.പി. അബ്ദുൽ റസാഖിെൻറ നേതൃത്വത്തില്‍ ജലപീരങ്കി ഉൾപ്പെടെ സന്നാഹവുമായി പൊലീസ് നേരത്തേതന്നെ നിലയുറപ്പിച്ചിരുന്നു. 12 മണിയോടെ ഡി.സി.സി ഓഫിസില്‍നിന്നാരംഭിച്ച മാര്‍ച്ച് ഡി.ഡി.ഇ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. ഇതോടെ റോഡ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവര്‍ത്തകര്‍ വീണ്ടും പ്രകോപന മുദ്രാവാക്യം മുഴക്കി ഡി.ഡി.ഇ ഓഫിസിന് മുന്നിലെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോൾ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ ജലപീരങ്കിക്ക് നേരെ തിരിഞ്ഞതോടെ ലാത്തിവീശി. ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, അശ്വിന്‍, സുധിന്‍ സുരേഷ്, ഷഹബാസ്, സുവാദ്, മനു അർജുൻ, സിദ്ധാർഥ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകരെ മാറ്റുന്നതിനിടെയാണ് ടി. സിദ്ദീഖിന് നിസ്സാര പരിക്കേറ്റത്. നിഹാലിെൻറ തലക്കാണ് അടിയേറ്റത്. റോഡിൽ കിടന്ന പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയതോടെയാണ് സമരം അവസാനിച്ചത്. സമരം കാരണം അരമണിക്കൂറിലേറെ ഡി.ഡി.ഇ ഓഫിസിന് മുന്നിലൂടെ ഗതാഗതം തടസ്സപ്പെട്ടു. 100ഒാളം പേര്‍ക്കെതിരെ കേസെടുത്തതായി കസബ പൊലീസ് അറിയിച്ചു. ............................................... ജലപീരങ്കിക്ക് മുകളിൽ കെ.എസ്.യു കൊടികുത്തി കോഴിക്കോട്: പൊലീസിെൻറ ജലപീരങ്കിയുള്ള 'വരുൺ' വാഹനത്തിെൻറ മുകളില്‍ കയറി കെ.എസ്.യു പ്രവര്‍ത്തകൻ കൊടിനാട്ടി. പ്രകടനമായെത്തിയവർ ഡി.ഡി.ഇ ഒാഫിസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് തള്ളിത്തുറക്കാൻ ശ്രമിക്കവെ കെ.എസ്.യുവിെൻറ കൊടി വാഹനത്തിന് മുന്നിൽ കുത്തിവെച്ചു. പൊലീസ് ഇതെടുത്തുമാറ്റിയതോടെ പ്രവർത്തകൻ പിൻവശത്തുകൂടി റോഡിലെ കമ്പിവേലിയിൽ ചവിട്ടി വാഹനത്തിന് മുകളിൽ കയറി കൊടികുത്തുകയും മുകളിൽനിന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പൊലീസിന് വാഹനത്തിന് മുകളിലേക്ക് കയറാനോ ഇയാളെ താഴെയിറക്കാനോ കഴിഞ്ഞില്ല. ഏറെക്കഴിഞ്ഞ് ഇയാൾ ഇറങ്ങിയെങ്കിലും കൊടി എടുത്തുമാറ്റാൻ വാഹനത്തിന് മുകളിൽ കയറാൻ പൊലീസ് ഏറെ പണിപ്പെട്ടു. മുകളിലേക്ക് കയറാൻ കോണിയോ മറ്റോ ഇല്ലാത്തതാണ് വിനയായത്. പിന്നീട് വാഹനത്തിനുള്ളിലെ പൊലീസുകാരൻ വാതിലിന് മുകളിൽ ചവിട്ടിക്കയറി കൊടി എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.