കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇനി പൊതിച്ചോറും പ്ലാസ്റ്റിക് കവറും ഇളനീർ തൊണ്ടുമായി ആരും വേരണ്ട, നിങ്ങളെ കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാർ തടയും. വാർഡിൽ രോഗികളുടെകൂടെ ഒന്നിലധികം ആളുകൾ നിൽക്കാമെന്നും ധരിക്കണ്ട, ഇതും അവസാനിപ്പിച്ചിട്ടുണ്ട്. പുതിയ രണ്ടു നിർദേശങ്ങളും കർശനമായാണ് ആശുപത്രിയിൽ നടപ്പാക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ ഭക്ഷണം കഴിച്ചതിനുശേഷം അവശേഷിക്കുന്ന പ്ലാസ്റ്റിക് കവറും ചോറ് പൊതിയുന്ന പേപ്പർ കഷണങ്ങളും ആശുപത്രിയുടെ പലഭാഗത്തും അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയ മാലിന്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇതേതുടർന്നാണ് പുതിയ തീരുമാനം അധികൃതർ കൈക്കൊണ്ടത്. നിർദേശങ്ങളടങ്ങിയ ബാനർ ആശുപത്രിയുടെ പ്രധാന കവാടത്തിൽ തൂക്കിയിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പല രോഗികളുടെയും കൂടെ രണ്ടും മൂന്നും കൂട്ടിരിപ്പുകാർ ഉണ്ടാവാറുണ്ട്. ഇത് കടുത്ത സ്ഥലപരിമിതിയാണ് സൃഷ്ടിക്കുന്നത്. ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഈ നിയന്ത്രണം. പുതിയ തീരുമാനപ്രകാരം ഒരാളൊഴിച്ച് ബാക്കിയുള്ളവർ പുറത്തുനിൽക്കേണ്ടിവരും. ഇവർക്കായി ആശുപത്രിയുടെ മുൻവശത്ത് ഷെഡ് ഒരുങ്ങുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശന സമയം വെട്ടിച്ചുരുക്കിയത് കഴിഞ്ഞ ദിവസമാണ്. രാവിലെ ആറുമുതൽ ഏഴുവരെയും വൈകീട്ട് നാലുമുതൽ ആറുവരെയുമാണ് പുതുക്കിയ സമയക്രമീകരണം. നേരത്തേ ഇത് രാവിലെ ആറുമുതൽ എട്ടുവരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമായിരുന്നു. സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണത്തിന് പുതിയ രീതി കോഴിക്കോട്: െമഡിക്കൽ കോളജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നടത്തിവരുന്ന ഭക്ഷണവിതരണത്തിന് പുതിയ രീതി ഉടൻ നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംഘടന പ്രതിനിധികളും ആശുപത്രി അധികൃതരും ചേർന്ന യോഗത്തിൽ മാർഗനിർദേശങ്ങളായി. ഓരോ സന്നദ്ധ സംഘടനയും അഞ്ച് വാർഡ് വീതം ഏറ്റെടുത്ത് അവിടത്തെ രോഗികൾക്കു മാത്രം ഭക്ഷണം വിതരണം ചെയ്യുകയാണ് നിർദേശങ്ങളിലൊന്ന്. ഇതിനായി വാർഡിെൻറ ചുമതലയുള്ള നഴ്സുമാരെ ടോക്കൺ ഏൽപിക്കും. ആവശ്യമുള്ളവർക്ക് ടോക്കൺ നൽകേണ്ടത് ഇവരാണ്. ഇതല്ലെങ്കിൽ നിലവിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നിടത്ത് ഒാരോ സംഘടനയിലെ രണ്ടുപേർ വീതം ഭക്ഷണം വിതരണം ചെയ്യും. നിർദേശങ്ങൾ സംഘടന ഭാരവാഹികളും അംഗീകരിച്ചിട്ടുണ്ട്. അടുത്തദിവസം ചേരുന്ന എച്ച്.ഡി.എസ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായേക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭക്ഷണം അനാവശ്യമായി പാഴാക്കുന്നതായി ആക്ഷേപമുണ്ട്. ഒന്നിൽ കൂടുതൽ സംഘടനകളിൽനിന്ന് ഭക്ഷണം വാങ്ങുന്നവരാണ് ചിലർ. ഇവർ ഉപേക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ സംസ്കരിക്കാനാവാതെ കുഴങ്ങുകയാണ് ആശുപത്രി അധികൃതർ. ഇതൊഴിവാക്കാനും ആശുപത്രി അണുബാധ വിമുക്തമായി സൂക്ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്കാരമെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു. യോഗത്തിൽ പ്രിൻസിപ്പൽ, സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുഭാഷ് ചന്ദ്രബോസ്, ആർ.എം.ഒ ഡോ. ശ്രീജിത്ത് എന്നിവരും സംഘടന പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.