വാർഷിക പദ്ധതി: ഉദ്യോഗസ്​ഥർ പാർട്ട് ബിൽ എഴുതണമെന്ന്​ മന്ത്രി ജലീൽ

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി തുക ചെലവഴിക്കുന്നതിൽ കൃത്യത പുലർത്തണമെന്നും നിർവഹണ ഉദ്യോഗസ്ഥർ പാർട്ട് ബിൽ എഴുതണമെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ. കോഴിക്കോട്, വയനാട് ജില്ലകളുടെ വാർഷിക പദ്ധതി പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പൂർണമായും പൂർത്തീകരിച്ച് ബിൽ സമർപ്പിക്കുന്ന രീതിമാറ്റണം. നടപ്പ് സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. 12 മാസം പദ്ധതി പ്രവർത്തനം നടത്താൻ സാഹചര്യം ലഭിക്കുന്നുവെന്നതാണ് ഈ വർഷത്തെ പ്രത്യേകത. ഭവന രഹിതർക്കായി സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷ​െൻറ ഭാഗമായുള്ള വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ പ്രധാന പരിഗണന നൽകണം. മുഴുവൻ ഭവനരഹിതർക്കും ഈ വർഷം വീട് നൽകണം. ഇനിമുതൽ സ്പിൽ ഓവർ പ്രവർത്തികളുണ്ടാകാൻ പാടില്ല. ധനമന്ത്രിയും ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പൂർത്തിയാകാത്തവ ഓരോ വർഷവും പുതിയ പദ്ധതികളായി സമർപ്പിക്കണം. ഈ വർഷത്തെ വാർഷിക പദ്ധതി മാർഗരേഖയിൽ ഭിന്നശേഷിയുള്ളവരുടെ കലോത്സവം, ഗെയിംസ്, സംരംഭകത്വ ക്ലബുകൾ എന്നിവക്ക് തുക വകയിരുത്തണം. ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കുന്ന സംയുക്ത പ്രോജക്ടുകളുടെ ഗുണഭോക്തൃ പട്ടിക ഉടൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി, കേരള ജല അതോറിറ്റി, ഭൂജല അതോറിറ്റി, തുടങ്ങിയവക്ക് നൽകിയിരിക്കുന്ന ഡെപ്പോസിറ്റ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ല കലക്ടർമാർ ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പ്ലാനിങ് ഓഫിസർ എ.എ. ഷീല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.