നാദാപുരം: ആൾമാറാട്ടം നടത്തി പതിമൂന്നര ഏക്കർ സ്ഥലം തട്ടിയെടുത്ത കേസിൽ പിടിയിലായ സ്ത്രീയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ഒന്നാംപ്രതി വിലങ്ങാട് പുളിക്കൽ അംബിക എന്ന അമ്മുവിനെ(70)യാണ് നാദാപുരം കോടതി ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കണ്ണൂർ തളാപ്പ് സ്വദേശി അത്തിക്കമണ്ണിൽ ലങ്കയിൽ സുഭാഷിണി(73)യുടെ സ്വത്ത് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. രജിസ്ട്രാർ ഓഫിസിൽ സാക്ഷിയായി ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. മറ്റു കാര്യങ്ങൾ ചെയ്തത് ആരാണെന്ന് അറിയില്ലെന്നാണ് സ്ത്രീയുടെ വാദം. എന്നാൽ സ്ത്രീയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഭൂമിയുടെ ക്രയവിക്രയം നടന്ന നാദാപുരം സബ് രജിസ്ട്രാറിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. രജിസ്ട്രാർ ഓഫിസിലെ ആരെങ്കിലും പ്രതികൾക്ക് അനുകൂലമായി പ്രവർത്തിച്ചിട്ടുണ്ടോ എന്നതുസംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. 2014 ൽ നാദാപുരം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഒന്നാംപ്രതിയെ കണ്ടെത്തിയില്ലെന്ന കാരണത്താൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം നടത്താൻ മുന്നിലുണ്ടായിരുന്ന ഒന്നാംപ്രതിയായ സ്ത്രീയെ എസ്.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ, വ്യാജ രേഖ ഒറിജിനൽ എന്ന മട്ടിൽ ഉപയോഗിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. 25 വർഷം മുമ്പാണ് കക്കട്ടിൽ കാപ്പിയിൽ എന്ന സ്ഥലത്തെ പതിമൂന്നര ഏക്കർ സ്ഥലം പരാതിക്കാരിയായ സുഭാഷിണി അഞ്ചുപേരിൽ നിന്നായി വാങ്ങിയത്. കാപ്പിയിൽ നാണുവിെൻറ മേൽനോട്ടത്തിലായിരുന്നു പറമ്പിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. നാണു ഇവരെ കബളിപ്പിച്ച് വിൽപന നടത്താനുളള അധികാരം ഉള്ളതായി വ്യാജ മുക്തിയാർ ഉണ്ടാക്കി. തുടർന്ന് തരിപ്പേമ്മൽ ശ്രീധരന് നാദാപുരം രജിസ്ട്രാർ ഓഫിസിൽ ഭൂമി രജിസ്റ്റർ ചെയ്തു. ഈ കേസിലാണ് വർഷങ്ങൾക്കുശേഷം ഒന്നാംപ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.