ഫറോക്ക്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട അധ്യാപക ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്തൊരു സന്തുഷ്ട ദിനത്തോടെ കെ.ആർ. വിനോദൻ ഒദ്യോഗിക ജീവിതത്തോട് വിട പറഞ്ഞു. പ്രാഥമിക വിദ്യാലയങ്ങളിൽ ആദ്യക്ഷരം ചൊല്ലിക്കൊടുത്ത് വൈവിധ്യമാർന്ന മേഖലകളിലേക്ക് എണ്ണമറ്റ ശിഷ്യർക്ക് വഴികാട്ടിയായ മാഷിന് ഭിന്നശേഷിക്കാരായ കുട്ടികൾ എന്നും വാത്സല്യാർഹരായിരുന്നു. അതുകൊണ്ടുതന്നെ വിരമിക്കൽ ദിനം ഈ വിഭാഗത്തിെൻറ കൂടെയാകണമെന്നുള്ള അദ്ദേഹത്തിെൻറ തീരുമാനത്തിന് ഫറോക്ക് മുനിസിപ്പാലിറ്റി ബഡ്‌സ് സ്കൂൾ വേദിയായി. ആഗ്രഹമറിഞ്ഞപ്പോൾ ചെയർപേഴ്സൻ അടക്കമുള്ളവർ അതിനോടൊപ്പം ചേരാനെത്തി. 37 വർഷത്തെ അധ്യാപന സേവനം കരുവൻതിരുത്തി ഗവ. എൽ.പി സ്കൂളിൽനിന്ന് പൂർത്തിയാക്കിയാണ് 30ന് ഇദ്ദേഹം വിരമിച്ചത്. കക്കട്ടിൽ സ്വദേശിയായ ഇദ്ദേഹം കടലുണ്ടി മണ്ണൂരിലാണ് താമസം. കാസർകോട്, കോഴിക്കോട് ജില്ലകളിലെ നിരവധി സ്കൂളുകളിൽ പഠിപ്പിക്കുമ്പോളും ഭിന്നശേഷിക്കാരും ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവരുമായ ഒട്ടേറെ പേർക്ക് അവരുടെ വീടുകളിൽ ചെന്ന് ഇദ്ദേഹം സൗജന്യ ട്യൂഷൻ കൊടുക്കാറുണ്ട്. ശിഷ്ടകാലം ഈ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് താൽപര്യം. ചടങ്ങ് ഫറോക്ക് നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. സുധർമ്മ, കൗൺസിലർമാരായ പി. ഷീബ, മാട്ടു പുറത്ത് വിജയൻ ,പി. ബിജു ,അധ്യാപകരായ സജിത്ത് കുന്നത്ത്, കെ.വിനോദ്, ഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.