ലോറികളുടെ വരവു കുറ്റ്യാടി ചുരം വഴി തന്നെ; ഗതാഗതക്കുരുക്ക് തുടരുന്നു

കുറ്റ്യാടി: താമരശ്ശേരി ചുരം തുറന്നിട്ടും ചരക്ക് ലോറികളുടെ വരവ് പോക്ക് കുറ്റ്യാടി ചുരം വഴി തന്നെ തുടരുന്നതിനാൽ ചുരത്തിലും പ്രധാന ടൗണുകളിലും ഗതാഗതക്കുരുക്ക് നീങ്ങുന്നില്ല. ലോറികളുടെ ഇരട്ടി നീളമുള്ള കണ്ടെയ്നറുകളടക്കം ചരക്കു വാഹനങ്ങൾ കുറ്റ്യാടി -പക്രന്തളം ചുരം വഴിയാണ് പോകുന്നത്. ഇടുങ്ങിയ കുറ്റ്യാടി ജങ്ഷനിലൂടെയും ചുരത്തിലൂടെയും ട്രെയിലർ കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണ്. ഇതി​െൻറ ഫലമായി നിരന്തരം ഗതാഗതക്കുരുക്കുണ്ടാകുകയാണ്. രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ വീതിയില്ലാത്തതാണ് ചുരത്തിൽ പലഭാഗത്തും റോഡി​െൻറ അവസ്ഥ. ഇതിനാൽ പല വാഹനങ്ങളും ഓവുചാലുകളിൽ വീണും സൈഡ് ഭിത്തിയിലിടിച്ചുമാണ് കടന്നുപോകുന്നത്. അഞ്ച്, ആറ്, പത്ത് വളവുകളുടെ നിർമാണം അശാസ്ത്രീയമാണെന്ന് വാഹനം ഓടിക്കുന്നവർ പറയുന്നു. ഇതിലെ തിരിയുമ്പോൾ വലിയ വാഹനങ്ങളുടെ അടി നിലത്ത് തട്ടും. നേരത്തേ വെള്ളക്കെട്ടുണ്ടായിരുന്ന സ്ഥലത്തെ വെള്ളക്കെട്ട് നീക്കിയിട്ടുണ്ട്. 'മാധ്യമം' വാർത്തയെ തുടർന്ന് സാമൂഹിക പ്രവർത്തകൻ ചീക്കോന്ന് മാഞ്ചാൽ അബ്ദുല്ല പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ പരാതി നൽകുകയും തുടർന്ന് അറ്റകുറ്റപ്പണി നടത്തുകയുമായിരുന്നു. മണ്ണിടിഞ്ഞ് ചുരത്തിൽ വീണ മണ്ണും പാറക്കല്ലുകളും നീക്കിയിട്ടുണ്ട്. ചുരത്തിൽ മറിഞ്ഞ ലോറി ഉയർത്താൻ കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം കൊണ്ടാണ് ഇവ നീക്കിയത്. പത്താം വളവിന് മേലെ കൾവർട്ടിനടിയിൽ മണ്ണ് താഴ്ന്ന് ഗർത്തം പ്രത്യക്ഷപ്പെട്ടതായും ഇതിലെയാണ് വെള്ളം വാർന്നുപോകുന്നതെന്നും യാത്രക്കാർ പറയുന്നു. ഇത് ഭാവിയിൽ ചുരം ഇടിച്ചിലിന് കാരണമാകുമെന്നാണ് ഭീതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.