കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിെൻറ സ്മരണക്കായി ബാങ്ക്മെൻസ് ക്ലബ് ഏർപ്പെടുത്തിയ മികച്ച കോളജ് മാഗസിനുള്ള 23ാമത് ബഷീര്‍ അവാര്‍ഡിന് കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ് മാഗസിനായ 'ആന്ത്രോപ്പ്' അർഹമായി. ഇതിെൻറ എഡിറ്റർ വി. ആദർശിനെ മികച്ച സ്റ്റുഡൻറ് എഡിറ്ററായും തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം മഹാരാജാസ് കോളജ് മാഗസിനായ 'റോഡ് ടു പാക്' ആണ് മികച്ച രണ്ടാമത്തെ മാഗസിൻ. തിരൂർ മലയാളം സർവകലാശാലയുടെ 'കുട്ട്യോനേ അലാഴിക്ക് പോണ്ടാ ട്ടോ'ക്കാണ് മൂന്നാം സ്ഥാനം. വിജയികൾക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ജൂലൈ നാലിന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. തളിപ്പറമ്പ് സർസയ്യിദ് കോളജ് മാഗസിൻ 'വരാന്തയിലാണ്', കാലിക്കറ്റ് ഗവ. മെഡിക്കൽ കോളജ് മാഗസിൻ 'പിരാന്ത്', മഞ്ചേരി ഗവ. മെഡിക്കൽ കോളജ് മാഗസിൻ '360 ഡിഗ്രി', മൂന്നാർ എൻജിനീയറിങ് കോളജ് മാഗസിൻ 'പകർന്നാട്ടം' എന്നിവക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. വാർത്തസമ്മേളനത്തിൽ ബാങ്ക്മെൻസ് ക്ലബ് പ്രസിഡൻറ് കെ.ജെ. തോമസ്, വൈസ്പ്രസിഡൻറുമാരായ കെ. സാജു, എം. മാധവൻ, ജെയിംസ് സി. ലാസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.