നിളയുടെ നിഴൽ തേടി 'നിളായനം'

കോഴിക്കോട്: ഒരു പുഴ ജനിക്കുന്നതു മുതൽ വളർന്നു പന്തലിക്കുകയും വരണ്ടുണങ്ങുകയും വെറുമൊരു മണൽത്തുരുത്തായി അവശേഷിക്കുകയും ചെയ്യുന്ന കാലങ്ങളിലേക്ക് ഒരു ചിത്രകാരിയുടെ യാത്ര. ലളിതകല അക്കാദമി ആർട്ട് ഗാലറിയിലൊരുക്കിയ 'നിളായനം' എന്ന ചിത്രപ്രദർശനത്തിലാണ് നിളയുടെ പല വഴികളെയും കാലങ്ങളെയും കാമറയിൽ പകർത്തി അവ അതേപടി കാൻവാസിലേക്ക് പകർത്തിയെഴുതുന്ന ചിത്രകാരി ജ്യോതി അമ്പാട്ടി​െൻറ ചിത്രപ്രദർശനം ഒരുക്കിയത്. നിള നദിക്കു സമീപം പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശിനിയായ ഇവർ തിരുവേഗപ്പുറ നരിപ്പറമ്പ് ജി.യു.പി സ്കൂളിലെ അധ്യാപികയാണ്. ചിത്രകലാധ്യാപികയല്ലെന്നതാണ് കൗതുകകരം. ഇതേ സ്കൂളിലെ അധ്യാപകനായ ഭർത്താവ് ജിജിക്കൊപ്പം നിളയുടെ തുടക്കം മുതൽ പലയിടങ്ങളിലേക്ക് യാത്ര ചെയ്താണ് ഇവർ ചിത്രങ്ങൾ പകർത്തിയത്. കൽപാത്തിയിൽനിന്നു തുടങ്ങി മായന്നൂർ തടയണ, ഷൊർണൂരിലെ നിളയുടെ പല കാലങ്ങൾ, തിരുമിറ്റക്കോട് അമ്പലത്തിനടുത്തുള്ള പുഴയുടെ കാഴ്ച, കലാമണ്ഡലം കൂത്തമ്പലം, പട്ടാമ്പി പാലം നിറഞ്ഞൊഴുകുന്ന ദൃശ്യം, വെള്ളിയാങ്കല്ല്, കുറ്റിപ്പുറം പാലത്തി​െൻറയും ചമ്രവട്ടം പാലത്തിനപ്പുറത്തെയും കാഴ്ചകൾ എന്നിവയെല്ലാം ഒരു ഫോട്ടോയിലെന്ന പോൽ കാൻവാസിൽ നിറയുന്നുണ്ട്. അക്രിലികിൽ തീർത്ത 15 ചിത്രങ്ങളാണ് നിളായനത്തിലുള്ളത്. പുഴ മരിക്കരുതെന്ന ത​െൻറ ആഗ്രഹമാണ് ചിത്രങ്ങളിലൂടെ പുനർജീവിക്കുന്നതെന്ന് ജ്യോതി പറയുന്നു. ഇതിനൊപ്പം ജലച്ചായം, പെൻസിൽവര എന്നിവയിൽ 15 മറ്റു ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കവി പി. രാമൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ.എസ്. വാസുദേവൻ, സുനിൽ അശോകപുരം, ഹാറൂൺ ഉസ്മാൻ, പി.എൻ. പരമേശ്വരൻ എന്നിവർ പ‍ങ്കെടുത്തു. പ്രദർശനം ഫെബ്രുവരി നാലിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.