കൊടുവള്ളി: ഇടതു വലതു മുന്നണികൾക്ക് വിജയം അനിവാര്യമായ കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ 19-ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. ഫെബ്രുവരി 28നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി രണ്ടിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ഒമ്പതു വരെ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 14 ആണ്. മാർച്ച് ഒന്നിന് ഫലപ്രഖ്യാപനം നടക്കും. ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ഷൻ കമീഷൻ വോട്ടർ പട്ടിക പുതുക്കിയിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ മുസ്ലിംലീഗ് അംഗമായ റസിയ ഇബ്രാഹിം ഭരണസമിതി നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് രാജിെവച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 820 വോട്ടുകൾ പോൾ ചെയ്യുകയുണ്ടായി. റസിയ ഇബ്രാഹിമിന് 453 വോട്ടും ജനപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്ന പി.ടി.സി. ജംഷിറ ഗഫൂറിന് 367 വോട്ടുമാണ് ലഭിച്ചത്. നഗരസഭയിൽ യു.ഡി.എഫിന് 19 കൗൺസിലർമാരും എൽ.ഡി.എഫ് ജനപക്ഷ മുന്നണിക്ക് 16ഉം ഒരു സ്വതന്ത്രയുമടക്കം 36 കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ യു.ഡി.എഫിനൊപ്പമുള്ള രണ്ട് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയിരുന്നു. ഇവർ പിന്നിട് കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയെങ്കിലും അന്തിമ വിധിയുണ്ടാവുന്നതുവരെ നഗരസഭയിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇവർക്ക് കഴിയില്ല. യു.ഡി.എഫിനൊപ്പമുള്ള ജെ.ഡി.യുവിെൻറ ഒരംഗം മുന്നണിമാറ്റം വഴി നഗരസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ നേതൃത്വത്തിെൻറ ഭാഗത്തുനിന്ന് അന്തിമ തീരുമാനമുണ്ടായിട്ടില്ല. പ്രാദേശിക നേതൃത്വം യു.ഡി.എഫിനൊപ്പമാണെന്നായിരുന്നു അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. തദ്ദേശവാസികളെ തന്നെ മത്സരത്തിനിറക്കാനാണ് ഇരു മുന്നണികളുടെയും നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.