ചുരം സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി -യൂത്ത് ലീഗ് കൽപറ്റ: വയനാട് ചുരത്തിൽ അടിയന്തരമായി കുഴികൾ അടക്കുകയും ശോച്യാവസ്ഥ ശാശ്വതമായി പരിഹരിക്കാൻ സമഗ്ര പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസ്, ജന. സെക്രട്ടറി സി.കെ. ഹാരിഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂത്ത്ലീഗ് നടത്തിയ ചുരം സംരക്ഷണ യാത്രയുടെ ഭാഗമായി ജില്ലയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളിൽനിന്നും ശേഖരിച്ച ഒരു ലക്ഷം ഒപ്പുകളടങ്ങിയ നിവേദനം അടിവാരത്ത് നടന്ന സമാപന യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറിന് സമർപ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ എം.കെ. മുനീർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ യൂത്ത്ലീഗ് നടത്താനുദ്ദേശിച്ച രണ്ടാംഘട്ട സമരം നിർത്തിവെക്കുകയാണെന്നും തീരുമാനം മാറിയാൽ യൂത്ത്ലീഗ് വീണ്ടും സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ്പ്രസിഡൻറ് ഷമീം പാറക്കണ്ടിയും പങ്കെടുത്തു. വിദ്യാർഥികളുടെ കവിതകളുമായി 'ക്ലാസിസം' കൽപറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദി പ്രസിദ്ധീകരിക്കുന്ന വിദ്യാർഥികളുടെ കവിത സമാഹാരം 'ക്ലാസിസം' ശനിയാഴ്ച രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കവി കൽപറ്റ നാരായണൻ പ്രകാശനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജൻ പുസ്തകം ഏറ്റുവാങ്ങും. പി.ടി.എ പ്രസിഡൻറ് അബ്ദുൽഗഫൂർ കാട്ടി അധ്യക്ഷത വഹിക്കും. അക്ഷരവേദിയുടെ രണ്ടാമത്തെ പുസ്തകമായ ക്ലാസിസത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജുകളിലെ 10 വിദ്യാർഥികളുടെ കവിതകളാണുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ ആമുഖവും, ഡോ. സോമൻ കടലൂർ പഠനവും എഴുതിയിരിക്കുന്നു. ഷാജി പുൽപള്ളി എഡിറ്റ് ചെയ്ത കവിത സമാഹാരം മാനന്തവാടി നീർമാതളം ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് എം.കെ. ഉഷാദേവി, അനിൽ കുറ്റിച്ചിറ, ഷാജി പുൽപള്ളി, എൻ. അബ്ദുൽഗഫൂർ എന്നിവർ പങ്കെടുത്തു. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത; ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കും കൽപറ്റ: പടിഞ്ഞാറത്തറ--പൂഴിത്തോട് ബദൽപാത യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് യോഗം ചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചുരമിറങ്ങാതെ വയനാട്ടിൽനിന്ന് കോഴിക്കോട് ജില്ലയിൽ എത്തുന്നതിനുള്ള റോഡ് മാർഗമാണ് ഈ ബദൽപാത. ഇതിനാവശ്യമുള്ള വനത്തിന് പകരമായി 54 ഏക്കർ സ്ഥലം സർക്കാറിന് വർഷങ്ങൾക്കു മുമ്പ് കൈമാറിയതാണ്. എന്നാൽ, കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിയില്ലാത്തതിനാൽ പാത യാഥാർഥ്യമായില്ല. വയനാട് ചുരത്തിെൻറ നിലവിലെ അവസ്ഥകാരണം മിക്കദിവസങ്ങളിലും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുന്നതും ആംബുലൻസുകൾ കുരുക്കിൽപ്പെടുന്നതും പതിവാണ്. ഇതിന് പരിഹാരമായാണ് ബദൽപാത എന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുമ്പ് ഉയർന്നത്. ഇൗ ആവശ്യം നേടിയെടുക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ സമ്മർദം ചെലുത്തുന്നതിനായാണ് വെള്ളിയാഴ്ച യോഗം നടത്തുന്നത്. ഇതിലൂടെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ബദൽപാത എത്രയുംവേഗം യാഥാർഥ്യമാക്കാൻ ശ്രമിക്കും. വാർത്തസമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂനിറ്റ് പ്രസിഡൻറ് പി.കെ. ദേവസ്യ, ജനറൽ സെക്രട്ടറി കെ.പി. നൂറുദ്ദീൻ, പി.കെ. ഹാരിസ്, പി.സി. മോയി എന്നിവർ പങ്കെടുത്തു. ഫിറ്റ് വയനാട് പ്രഫഷനൽ മീറ്റ് നാളെ മുട്ടിൽ: ഫിറ്റ്- വയനാടിെൻറ ആഭിമുഖ്യത്തിൽ മുട്ടിൽ പഞ്ചായത്തിലെ സർക്കാർ, അർധ സർക്കാർ ഉദ്യോഗസ്ഥർ, റിട്ട. ഉദ്യോഗസ്ഥർ, അഭിഭാഷകർ, ഡോക്ടർമാർ, മറ്റു പ്രഫഷനലുകൾ എന്നിവരെ പങ്കെടുപ്പിച്ച് ശനിയാഴ്ച രാവിലെ 9.30ന് ഡബ്ല്യു.എം.ഒ.എച്ച്.ആർ.ഡി സെൻററിൽ നടക്കുന്ന സംഗമം മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. പബ്ലിക്ക് റിലേഷൻ വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ പി.എ. റഷീദ്, എസ്.എൻ.ഡി.പി സെക്രട്ടറി എൻ.കെ. ഷാജി, എൻ.എസ്.എസ് പ്രതിനിധി സഭ സുകുമാരൻ നായർ, ജില്ല പഞ്ചായത്ത് മെംബർ പി. ഇസ്മായിൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.