പടിഞ്ഞാറത്തറ^ പൂഴിത്തോട് ബദൽ റോഡ് ; ആവശ്യം ശക്തമാകുന്നു

പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ റോഡ് ; ആവശ്യം ശക്തമാകുന്നു *റോഡിനായി മുൻകൈയെടുക്കുമെന്ന് പഞ്ചായത്തിലെ ഭരണ -പ്രതിപക്ഷ അംഗങ്ങൾ *28-ന് പടിഞ്ഞാറത്തറയിൽ ജനകീയ കൺവെൻഷൻ കൽപറ്റ: പടിഞ്ഞാറത്തറ- -പൂഴിത്തോട് ബദൽ റോഡ് യഥാർഥ്യമാക്കാൻ മുൻകൈയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണ- -പ്രതിപക്ഷ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർദിഷ്ട പടിഞ്ഞാറത്തറ പാത യാഥാർഥ്യമായാൽ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, വാണിജ്യ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട്, ചക്കിട്ടപാറ എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റോഡ് കടന്നുപോകുന്നത്. 1992-ൽ സർവേ നടത്തിയ റോഡിന് 1994-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് തറക്കല്ലിട്ടത്. പടിഞ്ഞാറത്തറയിൽനിന്ന് പൂഴിത്തോട് വരെയുള്ള 27 കിലോമീറ്റർ ദൂരം റോഡിൽ ഒമ്പത് കിലോമീറ്റർ ദൂരമാണ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ളത്. റോഡിന് വേണ്ടി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി 54 ഏക്കർ ഭൂമി വിവിധ പഞ്ചായത്തുകൾ വനംവകുപ്പിന് വിട്ടുകൊടുത്തിട്ടുണ്ട്. വയനാട് ചുരത്തിൽ വർധിച്ചുവരുന്ന ഗതാഗത തടസ്സത്തിനും വാഹനപ്പെരുപ്പത്തിനും ഈ പാത ശാശ്വത പരിഹാരമാകും. ടൂറിസം മേഖലയുടെ വികസനത്തിനും ബംഗളൂരു നഗരവുമായി മലബാറിലുള്ളവർക്ക് വേഗത്തിൽ ബന്ധപ്പെടാനും റോഡ് സഹായിക്കും. മാറിമാറിവന്ന സർക്കാറുകൾ ഈ റോഡ് യാഥാർഥ്യമാകുന്നതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി​െൻറ നിലപാടാണ് തടസ്സമായി നിൽക്കുന്നത്. ഒരാഴ്ച മുമ്പ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഇക്കാര്യം മന്ത്രി ടി.പി. രാമകൃഷ്ണനുമായി സംസാരിച്ചിരുന്നു. റോഡിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനും ജനുവരി 28ന് രാവിലെ പടിഞ്ഞാറത്തറയിൽ ജനകീയ കൺവെൻഷൻ ചേരും. മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.ഐ. ഷാനവാസ് എം.പി, എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജെ. സജേഷ്, വൈസ് പ്രസിഡൻറ് നസീമ പൊന്നാണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഹാരിസ്, ശാന്തിനി ഷാജി, സതി, സി.ഇ. ഹാരിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അവഗണനക്കെതിരെ 13-ന് ജനകീയ പ്രതിഷേധ കൂട്ടായ്മ കൽപറ്റ: പടിഞ്ഞാറത്തറ--- പൂഴിത്തോട് ബദൽ റോഡ് യാഥാർഥ്യമാക്കുന്നതിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന ജനവഞ്ചനക്കെതിരെ ജനുവരി 13-ന് മൂന്നു മണിക്ക് പടിഞ്ഞാറത്തറയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. മാറിമാറി വരുന്ന സർക്കാറുകൾ അടിസ്ഥാന സൗകര്യമൊരുക്കുന്നില്ലെന്നതി​െൻറ പ്രകടമായ തെളിവാണ് നിർദിഷ്ട പടിഞ്ഞാറത്തറ -- പൂഴിത്തോട് റോഡിനോടുള്ള വിവേചനം. ചുരം നവീകരണത്തിനു വേണ്ടി വാചാലമാകുന്ന രാഷ്ട്രീയകക്ഷികൾ ബദൽ റോഡുകളുടെ കാര്യത്തിൽ നിശ്ശബ്ദരാകുന്നത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. 1992 മുതൽ 2005 വരെ ചുരത്തിൽ 4,42,17,675 രൂപയാണ് മുടക്കിയതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ചുരം നവീകരണത്തിനായി അത്താഴപ്പട്ടിണിക്കാര‍​െൻറ നികുതിപ്പണം ചൊരിയുന്നതിന് മുറവിളി കൂട്ടുന്ന രാഷ്ട്രീയ കക്ഷികൾക്കെതിരെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന കാര്യത്തിൽ സംശയമില്ല. പകുതിയിലധികം പണി പൂർത്തിയാക്കിയ പൂഴിത്തോട്- -പടിഞ്ഞാറത്തറ ബദൽ റോഡി​െൻറ സാധ്യത നിലനിൽക്കുമ്പോൾ, മേപ്പാടി- ആനക്കാംപൊയിൽ തുരങ്കപാതക്ക് ധനവകുപ്പ് അംഗീകാരം നൽകുമെന്ന വാർത്ത പുറത്തുവന്നെങ്കിലും രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും പ്രതികരികരിച്ചിട്ടില്ല. ബദൽ റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകുന്ന ഭീമ ഹരജിയിലെ അരലക്ഷം ഒപ്പുകൾ ഫ്രാൻസിസ് ജോർജ് ചടങ്ങിൽ ഏറ്റുവാങ്ങും. പ്രസിഡൻറ് കെ.എ. ആൻറണി, ജോസഫ് കാവാലം, ജോർജ് വാതുപറമ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. -------------------------------------------------------------------------- പ്രവാസി ലീഗ് കാമ്പയിൻ 13 മുതൽ കൽപറ്റ: പ്രവാസി ലീഗി​െൻറ മെംബർഷിപ് കാമ്പയി​െൻറ ഉദ്ഘാടനം ജനുവരി 13ന് കൽപറ്റ ലീഗ് ഹൗസിൽ നടത്താൻ പ്രവാസി ലീഗ് ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കാമ്പയിനി​െൻറ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം നിർവഹിക്കും. ജനുവരി 15 മുതൽ 30 വരെയാണ് മെംബർഷിപ് കാമ്പയിൻ. 13ന് കൽപറ്റയിൽ നടക്കുന്ന എം.എസ്.എഫ് റാലിയും 19ന് അമ്പലവയലിൽ നടക്കുന്ന കാർഷിക സമ്മേളനവും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ മടക്കിമല, ഷംസുദ്ദീൻ പടിഞ്ഞാറത്തറ, കണ്ണിയൻ കുഞ്ഞിപ്പ, കുഞ്ഞബ്ദുല്ല മാനാതൊടുക, സിദ്ദീഖ് പിണങ്ങോട്, സദ്ദാം കുഞ്ഞിമുഹമ്മദ്, ഹംസ കല്ലുങ്ങൽ, ലത്തീഫ് കാക്കവയൽ, സി.കെ. മായിൻ ഹാജി, പി.വി.എസ്. മൂസ, വെട്ടൻ മമ്മുട്ടി ഹാജി, ബഷീർ പുത്തുകണ്ടി, സി.ടി. മൊയ്തീൻ, കുഞ്ഞബ്ദുല്ല കോട്ടതറ, ഉസ്മാൻ മേമന, റഷീദ് മേപ്പാടി, കെ.പി. അബു ഹാജി, എം.ബി. ഫൈസൽ, കെ. റഷീദ് എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ ടാലി സൗജന്യ പരിശീലനം കൽപറ്റ: റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 18നും 45നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് ഒരു മാസത്തെ കമ്പ്യൂട്ടർ ടാലി സൗജന്യ പരിശീലനം നൽകുന്നു. പരിശീലന വേളയിൽ ഭക്ഷണവും താമസവും പൂർണമായും സൗജന്യമാണ്. സംരംഭകത്വ കഴിവുകൾ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ, എൻറർപ്രൈസ് മാനേജ്മ​െൻറ്, ബാങ്ക് വായ്‌പ മാർഗനിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വയനാട് ജില്ലയിലുള്ളവർ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, അക്കൗണ്ടൻസിയിലുള്ള മുൻപരിചയം എന്നിവ രേഖപ്പെടുത്തി അപേക്ഷ നൽകണം. വിലാസം: ഡയറക്ടർ, റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂർ -670142. ഫോൺ: 0460 2226573/8129620530 .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.