ഹരജി സുപ്രീംകോടതി പരിഗണിക്കും * കേരളത്തിനു വേണ്ടി ഗോപാൽ സുബ്രഹ്മണ്യവും വി. ഗിരിയും ഹാജരാകും സുൽത്താൻ ബത്തേരി: ദേശീയപാത 766ലെ ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. അഡ്വക്കറ്റ് ജനറലിെൻറ ഉപദേശപ്രകാരം കേരളത്തിനു വേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യവും വി. ഗിരിയും ഹാജരാവുമെന്ന് സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇരുവരുമായും നേരത്തേതന്നെ സംസാരിച്ചിരുന്നുവെന്നും ഹാജരാകുന്നതു സംബന്ധിച്ച് ഇരുവരും സമ്മതമറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച വൈകീട്ടോടെയാണ് ലഭിച്ചത്. രാത്രിയാത്ര നിരോധനത്തിനെതിരെ നീലഗിരി -വയനാട് എൻ.എച്ച്- റെയിൽവേ ആക്ഷൻ കമ്മിറ്റിക്കുവേണ്ടി അഡ്വ. പി.എസ്. സുധീർ ഹാജരാകും. കർണാടക സർക്കാറിനു വേണ്ടി അഡ്വ. അനിത ഷേണായി ഹാജരാകും. മുമ്പ് നാലുതവണ കേരളത്തിനു വേണ്ടി ഈ കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനാണ് അഡ്വ. ഗോപാൽ സുബ്രഹ്മണ്യം. ജൈവ പാലങ്ങൾ സംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. കേരള, കർണാടക മുഖ്യമന്ത്രിമാരോട് വിഷയം ചർച്ച ചെയ്ത് തീരുമാനത്തിലെത്താൻ സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയിരുന്നു. ഇതേതുടർന്ന് വിഷയം പഠിക്കാൻ ഇരു സംസ്ഥാനങ്ങളും ഒാരോ വിദഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ചാണ് സംസ്ഥാന സർക്കാർ ഡോ. ഈസ കമ്മിറ്റിയെയും കർണാടക സർക്കാർ മറ്റൊരു വിദഗ്ധ സമിതിയെയും ചുമതലപ്പെടുത്തിയത്. ഡോ. ഈസ കമ്മിറ്റി 40 വാഹനങ്ങൾ രാത്രിയിൽ േകാൺവോയ് അടിസ്ഥാനത്തിൽ കടത്തിവിടുന്നതിന് അനുകൂലമായ നിലപാടെടുത്തപ്പോൾ കർണാടക സമിതി രാത്രി ഗതാഗത നിയന്ത്രണം പിൻവലിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് കേസ് പരിഗണിച്ചപ്പോഴും വന്യജീവികൾക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധമുള്ള പരിഹാരമാർഗം സമർപ്പിക്കാമെന്ന് കേരളത്തിെൻറ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം കോടതിയെ അറിയിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ തീരുമാനം രാത്രിയാത്ര നിരോധന വിഷയത്തിൽ അന്തിമമായിരിക്കും. അതിനാൽ, സുപ്രീംകോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കുകയെന്നതിനാവും കേരളം ഉൗന്നൽ നൽകുന്നത്. രാത്രിയാത്ര നിരോധനത്തിന് അനുകൂലമായ നിലപാടുകളാണ് കർണാടക, തമിഴ്നാട് സർക്കാറുകൾ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാറിനെ പ്രതിനിധാനംചെയ്ത് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി യാത്ര നിരോധനത്തെ പിന്തുണക്കുമ്പോൾ ദേശീയപാത അതോറിറ്റി മാത്രമാണ് നിരോധനത്തെ എതിർക്കുന്നത്. നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കണമെന്നും നിരോധന സമയം ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നൽകിയ പ്രത്യേകാനുമതി ഹരജിയും ഇതോടൊപ്പം സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കേസ് നടത്തിപ്പിനായി സീനിയർ അഭിഭാഷകനെതന്നെ സർക്കാർ ചുമതലപ്പെടുത്തണമെന്ന് നീലഗിരി -വയനാട് എൻ.എച്ച് - റെയിൽവേ ആക്ഷൻ കമ്മിറ്റിയും ഫ്രീഡം റ്റു മൂവ് പ്രവർത്തകരും നേരത്തേ മുതൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസ് വാദിക്കുന്നതിനായി സർക്കാറിന് നേരത്തേ തയാറാകാമായിട്ടും ആവശ്യമായ നടപടികളെടുത്തില്ലെന്ന ആരോപണവും ശക്തമാണ്. കേസ് പരിഗണിക്കുന്നതിെൻറ തലേദിവസം മാത്രമാണ് ഏത് അഭിഭാഷകനാണ് ഹാജരാകുകയെന്നു പോലും സർക്കാറിന് പറയാനായതെന്നതും ആശങ്കക്കിടയാക്കുന്നുണ്ട്. വേണ്ടത്ര മുൻകരുതലുകളില്ലാതെ ബുധനാഴ്ച സുപ്രീംകോടതിയിൽ കേസ് വാദിച്ചാൽ എന്നന്നേക്കുമായി രാത്രിയാത്ര നിരോധനം നിലനിൽക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. അധ്യാപക നിയമനം മാനന്തവാടി: ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ജനുവരി 12ന് രാവിലെ 11 മണിക്ക് ഓഫിസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. പൊഴുതന: അച്ചൂര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എ നാച്വറല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11ന് ഉച്ച രണ്ടു മണിക്ക് സ്കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണം. ഫുട്ബാൾ മേള റിപ്പൺ: തലക്കൽ എ.എഫ്.സി, നെടുങ്കരണ കരുണ ക്ലബുകൾ സംയുക്തമായി നടത്തുന്ന ഫ്ലഡ്ലിറ്റ് ഫുട്ബാൾ മേള ജനുവരി 26ന് ആരംഭിക്കും. വിജയികൾക്ക് അരലക്ഷം രൂപയും ട്രോഫിയും നൽകും. ഫോൺ: 9744084733, 9961755649.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.