ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിൽ പൊലീസ് അനാസ്ഥയെന്ന് ബന്ധുക്കൾ

*കേസ് കൈബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യം കൽപറ്റ: സുൽത്താൻ ബത്തേരിയിലെ നെന്മേനി പഞ്ചായത്തിലെ മണ്ടോക്കര പണിയ കോളനിയിലെ നാരായണ​െൻറ മകൻ അനിൽ (20) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഊര് എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദൂരുഹസാഹചര്യത്തിലാണ് അനിൽ മരിച്ചതെന്ന് പ്രാഥമികമായി പൊലീസ് കണ്ടെത്തിയിട്ടും അന്വേഷണത്തിൽ അനാസ്ഥ കാണിക്കുകയാണെന്ന് അനിലി​െൻറ സഹോദരി ശ്രീജ മണ്ടോക്കര പറഞ്ഞു. കഴിഞ്ഞ നവംബർ നാലിന് കാണാതായ അനിലിനെ ആറാം തീയതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടി​െൻറ 200 മീറ്റർ അകലെ കപ്പത്തോട്ടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിലാണ് അനിലിനെ കണ്ടെത്തിയത്. പ്രദേശവാസിയായ ഗീവർഗീസ് എന്നയാളുടെ പുരയിടത്തോട് ചേർന്നാണ് ഈ കൃഷിസ്ഥലം. കുറുമ സമുദായക്കാരനായ വാഴക്കണ്ടി കുറുമ കോളനിയിലെ അച്യുതനാണ് ഈ ഭൂമി പാട്ടത്തിനെടുത്ത് കപ്പകൃഷി നടത്തുന്നത്. ഇതിന് ചുറ്റും അനധികൃതമായി വൈദ്യുതി കമ്പിവേലി നിർമിച്ചതാണ് അപകടത്തിന് കാരണമായത്. അനിലി​െൻറ മരണത്തിൽ അച്യുതനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും മറ്റാരെയും പ്രതിയാക്കിയിട്ടില്ല. ഗീവർഗീസി​െൻറ സഹോദരൻ ജോണിയുടെ കിണറിന് സമീപം സ്ഥാപിച്ച മോട്ടോറിൽനിന്നാണ് വൈദ്യുതി കണക്ഷൻ എടുത്തത്. ഇത്തരത്തിലൊരു മരണം നടന്നിട്ടും പട്ടികവർഗ വകുപ്പിൽനിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. അനധികൃതമായി വൈദ്യുതി കണക്ഷൻ എടുത്താണ് വൈദ്യുതി വേലി നിർമിച്ചതെന്നകാര്യം വൈദ്യുതി ബോർഡ് നേരിട്ട് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, മരണം സംഭവിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ല. അതുകിട്ടാതെ അന്വേഷണം സാധ്യമല്ലെന്നാണ് പൊലീസി​െൻറ നിലപാട്. വിഷയത്തിൽ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ഇടപെടണം. അനിലി​െൻറ കുടുംബത്തിന് സർക്കാർ അടിയന്തരമായി ധനസഹായം ലഭ്യമാക്കണം. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് െക്രെംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഊര് എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. അമ്മിണി, എ.എം. മല്ലിക, എം.എസ്. ബീന എന്നിവരും പങ്കെടുത്തു. കേന്ദ്ര സിലബസ് സ്കൂളുകളുടെ ജില്ലതല കായികമേള 12ന് *സ്പോർട്സ് ക്വാട്ട പ്രവേശനം ഉൾപ്പെടെയുള്ളവക്ക് ഗുണകരമാകും കൽപറ്റ: സി.ബി.എസ്.സി/ഐ.സി.എസ്.സി/നവോദയ വിദ്യാലയങ്ങളുടെ ജില്ലതല അത്ലറ്റിക്സ് മത്സരങ്ങൾ ജനുവരി 12ന് മുട്ടിൽ കോളജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ കേന്ദ്രീയ സിലബസിൽ പ്രവർത്തിക്കുന്ന സി.ബി.എസ്.സി, ഐ.സി.എസ്.സി, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലതലത്തിലും, സംസ്ഥാനതലത്തിലും കായികമേള സംഘടിപ്പിക്കാൻ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ജില്ലയിലും മത്സരം നടത്തുന്നത്. നിലവിൽ ദേശീയതലത്തിൽ പങ്കെടുത്ത് വിജയിച്ചാലും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് മേൽ വിദ്യാലയങ്ങളിലെ കായികതാരങ്ങൾക്ക് കേരളത്തിൽ പരിഗണിക്കപ്പെടാത്ത സാഹചര്യമാണുള്ളത്. സ്പോർട്സ് കൗൺസിലി​െൻറ അംഗീകാരത്തോടെ നടത്തുന്നതോടെ ഇതിന് മാറ്റം വരും. ഈ വർഷം അത്ലറ്റിക്സ് മത്സരങ്ങൾ മാത്രമാണ് നടക്കുക. അടുത്തവർഷം മുതൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ നിശ്ചയിക്കുന്ന മറ്റു കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. ജില്ലയിൽ കേന്ദ്രീയ സിലബസിൽ പ്രവർത്തിക്കുന്ന 33 സ്കൂളുകളിലെ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുക. 2004 ഫെബ്രവരി ഒന്നിനും 2006 ജനുവരി 31നുമിടയിൽ ജനിച്ച 14 വയസ്സിൽതാഴെ പ്രായമുള്ളവരുടെ വിഭാഗത്തിലും 2001 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നും ഇടയിൽ ജനിച്ച 17 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലുമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരം. 14 വയസ്സിനു താഴെ പ്രായമുള്ളവർക്കായി 100, 200, 400, 800, ലോങ്ജമ്പ്, ഹൈജംപ്, ഷോട്ട്പുട്ട്, 4x100 റിേല മത്സരങ്ങളും, 17 വയസ്സിനു താഴെ പ്രായമുള്ളവർക്കായി 100, 200, 400, 800, 1500, 3000 (ഒാട്ടം), ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, 4x100 റിേല, 4x400 മീറ്റർ റിലേ എന്നീ ഇനങ്ങളിലുമായാണ് മത്സരം. ജില്ലതല മത്സരങ്ങളുടെ നടത്തിപ്പിനായി കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ജനുവരി 30, 31 തീയതികളിലായി തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥനതല മത്സരത്തിൽ പങ്കെടുക്കാനുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്നും തിരഞ്ഞെടുക്കും. ജനുവരി 12ന് രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സീസർ ജോസ്, ജില്ല അത്ലറ്റിക്ക് അസോസിയേഷൻ സെക്രട്ടറി കെ.വി. ജോസഫ്, നവോദയ വിദ്യാലയ പ്രതിനിധി പി.യു. ശോഭന, സി.ബി.എസ്.സി പ്രതിനിധി സിസ്റ്റർ മേരിജ, ജില്ല സ്പോർട്സ് കൗൺസിൽ അംഗങ്ങളായ എ.ഡി. ജോൺ, വിജയ് ടീച്ചർ എന്നിവർ പങ്കെടുത്തു. സിൽവർ ജൂബിലി ആലോഷം കരണി: തഅ്ലീമുസ്സ്വിബിയാൻ മദ്രസയുടെ സിൽവർ ജൂബിലി ആഘോഷവും മതപ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. സംഗമം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥന ട്രഷറർ ഇബിച്ചിബാവ ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഡബ്യൂ.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ മുഖ്യപ്രഭാഷണം നടത്തി. മതപ്രഭാഷണ പരമ്പരയിൽ റാഷിദ് ഗസ്സാലി കൂളിവയൽ, ഷാജഹാൻ റഹ്മാനി, ഹബീബ് ഫൈസി, മുജീബ് ഫൈസി എന്നിവർ പങ്കെടുത്തു. മഹല്ല് കുടുംബസംഗമത്തിൽ റഹിം മാസ്റ്റർ ക്ലാസെടുത്തു. മഹല്ല് ഇമാം ഹാരിസ് ഫൈസി, പി. ബിരാൻ, സി.എ. അബ്ദുൾ അസീസ്, പി. അയമു, എ.പി. ഹമീദ്, എം.പി. നജിബ്, പി. നൗഷാദ്, പി. ഇർഷാദ്, എം. മനാഫ്, വാഹിദ് എന്നിവർ സംസാരിച്ചു. പി. ജാബിർ നന്ദിയും പി. ഷെമീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.