കോടഞ്ചേരി: പതിനഞ്ചു വർഷത്തിലധികമായി ജൈവ പച്ചക്കറി കൃഷിയിൽ വിജയഗാഥ തീർത്ത വേളംകോട് തൊട്ടാമറ്റത്തിൽ വർഗീസ് തെൻറ കൃഷി അനുഭവങ്ങൾ അറിവുകളാക്കി പകർന്നുനൽകി മാതൃകയായി. കോടഞ്ചേരി കൃഷി ഓഫിസർ ഷബീർ അഹമ്മദിെൻറ നിർദേശപ്രകാരം വർഗീസ് സമഗ്ര ജൈവ പച്ചക്കറി കൃഷി പരിശീലനം സ്വന്തം കൃഷിയിടത്തിലും നടത്തിവരുകയാണ്. പച്ചക്കറി കൃഷിയിൽനിന്ന് പലരും പിന്തിരിയുന്നത് വ്യക്തമായ കൃഷി അറിവുകൾ ഇല്ലാത്തതുമൂലമാണെന്ന് കോടഞ്ചേരി കൃഷിഭവെൻറ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയിലെ മാതൃക കർഷകൻ കൂടിയായ വർഗീസ് പറയുന്നു. വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കുന്നതിൽ ഒരു വൈമനസ്യവുമില്ല ഇദ്ദേഹത്തിന്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി പച്ചക്കറികൃഷിയിൽനിന്ന് നേടിയ കൃഷി അനുഭവങ്ങൾ കാർഷിക നുറുങ്ങുകളായി നിരവധി ആളുകൾ സ്വായത്തമാക്കിയ ചാരിതാർഥ്യത്തിലാണ് ഇദ്ദേഹം. കുടുംബശ്രീ അംഗങ്ങൾ, സ്വയം സഹായ സംഘങ്ങൾ, സ്കൂൾ -കോളജ് വിദ്യാർഥികൾ, വിവിധ പഞ്ചായത്തിലെ കർഷകർ, മാധ്യമപ്രവർത്തകർ എന്നിവർ കൃഷിയിടം സന്ദർശിക്കുന്നുണ്ട്. സ്വന്തം അനുഭവത്തിൽനിന്ന് കണ്ടെത്തിയ ജൈവ കീടനാശിനിയായ യൂക്കാലി തൈലത്തിെൻറ ഉപയോഗവും മഞ്ഞക്കെണി, കായീച്ചക്കെതിരെയുള്ള ഫിറമോൺ കെണികൾ, സ്വയം തയാറാക്കുന്ന കെണികൾ എന്നിവയെക്കുറിച്ച് ഈ കർഷകൻ തെൻറ കൃഷിയിടം സന്ദർശിക്കുന്നവർക്ക് വിവരിച്ചുകൊടുക്കുന്നു. കോടഞ്ചേരി കൃഷിഭവെൻറ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി മന്ന സംഘത്തിന് പരിശീലനം നൽകുന്നതിന് ഇദ്ദേഹത്തിെൻറ കൃഷിയിടമാണ് തിരഞ്ഞെടുക്കപ്പെട്ടത്. തെൻറ കൃഷിയിടത്തിലെത്തുന്നവർക്ക് കൃഷി സാമ്പത്തികം മാത്രമല്ല മാനസികവും ശാരീരികവുമായ ഉന്മേഷം നൽകുന്നതുമാണെന്ന സന്ദേശമാണ് വർഗീസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.