വില്യാപ്പള്ളി: വടകര താലൂക്കിലെ പഞ്ചായത്തുകളില്‍ കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാതായതോടെ നിർമാണ പ്രവൃത്തികള്‍ പ്രതിസന്ധിയിലായി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയായിരിക്കെ കരാര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുന്നത് ഫണ്ടുകള്‍ ലാപ്സാവുന്നതിന് കാരണമാകും. ഈ രണ്ട് മാസങ്ങളില്‍ 15 ശതമാനം ഫണ്ടുകള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന ധനവകുപ്പിെൻറ നിർദേശം കൂനിന്‍മേല്‍കുരുവാകുകയും ചെയ്യും. പ്രതിസന്ധിക്ക് പ്രധാന കാരണം നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവാണ്. റോഡ് നിർമാണ പ്രവര്‍ത്തനത്തിന് മുഖ്യവസ്തുവായ കരിങ്കല്ല് ഉല്‍പന്നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷാമം. താലൂക്കില്‍ ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റിയുടെ മരുതോങ്കരയിലെ ഏക ക്വാറി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവിടെ നിന്നാണെങ്കില്‍ കമ്പനി ആവശ്യങ്ങള്‍ക്കു പുറമെ മറ്റുള്ളവര്‍ക്ക് നിർമാണ വസ്തുക്കള്‍ നൽകുന്നുമില്ല. ഈ മാസം മുതല്‍ ക്വാറി ഉൽപന്നങ്ങള്‍ക്ക് അടിക്ക് അഞ്ച് രൂപയോളം വര്‍ധന വരികയും ചെയ്തിട്ടുണ്ട്. വില്യാപ്പള്ളി, മണിയൂര്‍, ആയഞ്ചേരി, പുറമേരി, നാദാപുരം, തിരുവള്ളൂര്‍ തുടങ്ങി മിക്ക പഞ്ചായത്തുകളിലും പലമടങ്ങ് റീ ടെൻഡര്‍ വിളിച്ചെങ്കിലും കരാറുകാര്‍ പങ്കെടുത്തില്ല. കൂടാതെ, സര്‍ക്കാര്‍ നിശ്ചയിച്ച തുകക്ക് വിലകുറഞ്ഞ നിർമാണ വസ്തുക്കളാണ് മാര്‍ക്കറ്റില്‍ ലഭ്യമാവുക. ഇതുപയോഗിച്ച് നിർമാണം നടത്തിയാൽ ഒരാഴ്ചകൊണ്ട് തകരുന്ന സ്ഥിതിയുണ്ടാവും. കാലാവസ്ഥയും പ്രദേശത്തിെൻറ ഭൂമിയുടെ ഘടനയും പരിഗണിക്കാതെയുണ്ടാക്കിയ സംസ്ഥാന സര്‍ക്കാറിെൻറ കരാര്‍ വ്യവസ്ഥകള്‍ കരാറുകാര്‍ക്ക് മറ്റൊരു ഭീഷണിയാണെന്ന് എൽ.എസ്.ജി.ഡി കരാർ വിഭാഗത്തിെൻറ ജില്ല സെക്രട്ടറി എം.എ. ഗഫൂർ പറഞ്ഞു. അതിന് പുറമെയാണ് നാല് ശതമാനം വാറ്റില്‍നിന്ന് 12 ശതമാനം ജി.എസ്.ടി യിലേക്കുള്ള നികുതിമാറ്റവും കരാറുകാരെ വിഴുങ്ങുന്ന തുടര്‍ വ്യവസ്ഥകളുമെന്ന് അദ്ധേഹം പറഞ്ഞു. മുക്കത്തെ ക്വാറിയാണ് താലൂക്കുകാര്‍ ഉപയോഗപ്പെടുത്തുന്നത്. അവിടെനിന്ന് കി.മീറ്ററുകള്‍ ദൂരമുള്ള ജില്ല അതിര്‍ത്തിയായ അഴിയൂര്‍ വരെയുള്ള പഞ്ചായത്തുകളിലേക്ക് നിർമാണ സാമഗ്രികളെത്തണമെങ്കില്‍ വലിയ തുക നഷ്ടമാവുന്നതിനാണ് താലൂക്കിലെ ഒരു പഞ്ചായത്തിലും കരാറുകാര്‍ ടെൻഡര്‍ നടപടികളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പഞ്ചായത്തുകളില്‍ നിർമാണ കരാര്‍ പലകുറി റീ ടെൻഡര്‍ വിളിച്ചിട്ടും കരാറുകാരെ കാത്തിരിക്കുകയാണെന്ന് പഞ്ചായത്തധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ചില പഞ്ചായത്തുകള്‍ ടാറ്‍ സ്വന്തം നിലയില്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ കരാറുകാരെ സമീപിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.