നാദാപുരം: സ്വർണം വാങ്ങിയ ആൾക്ക് ജ്വല്ലറിയിൽനിന്ന് ജി.എസ്.ടി ഉൾപ്പെടുത്തിയ ബിൽ നൽകാത്തതിനെ തുടർന്ന് കടക്ക് മുമ്പിൽ ഒറ്റയാൻ സമരം. വാണിമേൽ പൊടിപ്പിൽ മൂസയാണ് കല്ലാച്ചിയിലെ അൽ ഫർദാൻ ജ്വല്ലറിക്ക് മുമ്പിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഫ്ലക്സ് ബോർഡുമേന്തി കുത്തിയിരുന്നത്. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽനിന്ന് 2.04 ഗ്രാം സ്വർണാഭരണം വാങ്ങിയ മൂസക്ക് 791 രൂപ പണിക്കൂലി അടക്കം 6339 രൂപയുടെ ബിൽ നൽകിയിരുന്നു. എന്നാൽ, ഇതിൽ ജി.എസ്.ടി ഉൾപ്പെടുത്താത്തതിനെ തുടർന്ന് വാക്കേറ്റത്തിനിടയാക്കിയിരുന്നു. ഇതോടെ രാവിലെ ബിൽ തരണമെന്നാവശ്യപ്പെട്ട് കടക്ക് മുമ്പിൽ സമരം ആരംഭിക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിന് പൊലീസ് ശ്രമിച്ചെങ്കിലും മൂസ നിരാഹാരത്തിൽ നിന്ന് പിന്മാറിയില്ല. ഇതിനിടെ സ്ഥലത്തെത്തിയ ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, സി.കെ. നാസർ, അബ്ബാസ് കണേക്കൽ തുടങ്ങിയവർ നടത്തിയ അനുരഞ്ജന ചർച്ചയിൽ ബിൽ ഉൾപ്പെടെ തരാമെന്ന ജ്വല്ലറിയുടെ വ്യവസ്ഥയിൽ സമരം അവസാനിപ്പിച്ചു. അതേസമയം, ജി.എസ്.ടി തുക തരാത്തതുകൊണ്ടാണ് ഒറിജിനൽ ബിൽ കൊടുക്കാതിരുന്നതെന്നാണ് ജ്വല്ലറിക്കാരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.