രക്​തം മാറിനൽകിയ ഡോക്ടർക്കെതിരെ നടപടി വേണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആള് മാറി രക്തം നൽകിയ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം വീഴ്ചകൾ ഗൗരവമായി കാണണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ചെറുന്നിയൂർ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകളെ ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് നെഞ്ചിലെ മുഴയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. തുടർന്ന് സർജറി വാർഡിൽ പ്രവേശിപ്പിച്ചു. നാലിന് വൈകീട്ട് വാർഡിലെത്തിയ ഓർത്തോവിഭാഗം ജൂനിയർ ഡോക്ടർ മറ്റൊരു രോഗിക്ക് നൽകേണ്ടിയിരുന്ന രക്തം ആള് മാറി മകൾക്ക് നൽകിയതായി പരാതിയിൽ പറഞ്ഞു. തുടർന്ന് അബദ്ധം മനസ്സിലാക്കിയ ഡോക്ടർ ഉൗരി മാറ്റി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാർ ആശുപത്രികളിൽ ഇതെല്ലാം പതിവാണെന്ന് മറുപടി നൽകി. മെഡിക്കൽ കോളജ് എസ്.ഐക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. പരാതിക്കാരിയുടെ മകളുടെയും മാറി നൽകിയ രക്തത്തി​െൻറയും ഗ്രൂപ് ഒന്നായതിനാലാണ് അപകടം സംഭവിക്കാത്തത്. ഡോക്ടർ കാണിച്ച കൃത്യവിലോപം കാരണം മറ്റ് ആപത്തുകൾ ഉണ്ടാകാത്തതിനാൽ ഡോക്ടർക്കെതിരെ നടപടി വേണ്ടെന്ന വാദം ശരിയല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. വളരെ ശ്രദ്ധയോടെയും കൃത്യനിഷ്ഠയോടെയും ചെയ്യേണ്ടതാണ് ഡോക്ടറുടെ സേവനമെന്നും കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. രോഗിക്ക് രക്തം മാറി നൽകിയതി​െൻറ ഫലമായി എന്തെങ്കിലും അപകടം ഉണ്ടായാൽ അതിന് ഉത്തരവാദി ഡോക്ടർ തന്നെയാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. രക്തം ആവശ്യമുള്ള സമയത്ത് അത് ലഭിക്കാതിരുന്നാൽ ഉണ്ടാകുന്ന ആപത്തുകൾ പരിശോധിക്കേണ്ട വിഷയമാണെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരിയുടെ പരാതിയിൽ പൊലീസ് സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനുള്ളിൽ ഹാജരാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.