കോഴിക്കോട്: മെഡിക്കൽ കോളജിൽ നാലു ദിവസമായി നടന്ന ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കിനെ തുടർന്ന് മിക്ക വാർഡുകളിലും രോഗികളുടെ എണ്ണത്തിൽ കുറവ്. രോഗം പൂർണമായും ഭേദമാകാതെ രോഗികളെ പറഞ്ഞുവിടേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതർ. ഏകദേശം ഭേദമായ രോഗികളിൽ ചിലർ ഡിസ്ചാർജ് ചോദിച്ചുവാങ്ങി മടങ്ങുന്നുമുണ്ട്. ജൂനിയർ ഡോക്ടർമാരുടെയും പി.ജി വിദ്യാർഥികളുടെയും സമരംമൂലം രോഗികളെ നോക്കാൻ വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനെ തുടർന്നാണ് രോഗികളുടെ എണ്ണത്തിൽ കുറവുവന്നത്. ഒ.പികളിലും തിരക്ക് താരതമ്യേന കുറവായിരുന്നു. എന്നാൽ, രോഗികൾക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിൽ പരമാവധി ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ പറഞ്ഞു. ഓരോ വകുപ്പിലും മുതിർന്ന ഡോക്ടർമാർ ഉൾെപ്പടെയുള്ള സേവനം പരമാവധി ലഭ്യമാക്കുന്നുണ്ടെന്നും അത്യാഹിത വിഭാഗത്തിൽ ഉൾെപ്പടെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അശാസ്ത്രീയമായ പെൻഷൻ പ്രായ വർധനക്കെതിരെ നടന്ന സമരത്തിെൻറ ഭാഗമായി കേരള മെഡിക്കൽ പി.ജി അസോസിയേഷൻ, കേരള ഹൗസ് സർജൻസ് അസോ., കോളജ് യൂനിയൻ, എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ സംഘടനകൾ ചേർന്ന് പ്രതിഷേധ മാർച്ച് നടത്തി. മെഡിക്കൽ കോളജ് ജങ്ഷനിൽ വിദ്യാർഥികൾ ചേർന്ന് മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ജൂനിയർ ഡോക്ടർമാർ, പി.ജി വിദ്യാർഥികൾ, എന്നിവരുൾെപ്പടെ 1500ഓളം പേരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ ആവശ്യങ്ങളൊന്നും രേഖാമൂലം നേടിയെടുക്കാൻ കഴിയാത്തതിനാലാണ് സമരം തുടർന്നത്. ആശുപത്രിയിൽ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ഓപറേഷൻ തിയറ്ററിെൻറ പ്രവർത്തനം ചൊവ്വാഴ്ച പുനരാരംഭിക്കും. ജനുവരി ഒന്നിന് തുറക്കേണ്ടതാണെങ്കിലും അണുബാധ മുക്തമാണെന്ന റിപ്പോർട്ട് തിങ്കളാഴ്ചയാണ് ലഭിച്ചത്. photo mch strike1 ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കിെൻറ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ജങ്ഷനിൽ നടത്തിയ മനുഷ്യച്ചങ്ങല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.