ദാമു കാഞ്ഞിലശ്ശേരി: കലയോടൊപ്പം കാരുണ്യം ഹൃദയത്തിൽ ചേർത്ത സോഷ്യലിസ്​റ്റ്​

ചേമഞ്ചേരി: കലയോടൊപ്പം കാരുണ്യവും ഹൃദയത്തിൽ ചേർത്തുവെച്ച സോഷ്യലിസ്റ്റായിരുന്നു ബുധനാഴ്ച നിര്യാതനായ പി.കെ. ദാമോദരൻ മാസ്റ്റർ എന്ന ദാമു കാഞ്ഞിലശ്ശേരി. അധ്യാപകൻ, നാടകനടൻ, സംവിധായകൻ എന്നീ നിലകളിലും കാഞ്ഞിലശ്ശേരി നടനകലാ സമിതി, പൂക്കാട് കലാലയം എന്നിവയുടെ സംഘാടകനായും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന അഭയം സ്പെഷൽ സ്കൂളി​െൻറ മുൻനിര പ്രവർത്തകനായിരുന്നു. പഴയ തലമുറ ഇന്നും ഒാർക്കുന്ന നിരവധി വേഷങ്ങൾ അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചു. ഘനഗംഭീരമായ ശബ്ദത്തി​െൻറ ഉടമയായ അദ്ദേഹം റേഡിയോ നാടകങ്ങളിലും അക്കാലത്ത് സജീവമായിരുന്നു. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ നേതൃപദവി വഹിച്ച അദ്ദേഹം ആദ്യകാല സോഷ്യലിസ്റ്റായിരുന്നു. പിന്നീട് ജനതാദൾ പ്രവർത്തകനായി. നന്മ കലാസാംസ്കാരിക സംഘടനയുടെ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ഭാരവാഹിയും പെൻഷനേഴ്സ് യൂനിയ​െൻറ പഞ്ചായത്ത്തല നേതാവുമായിരുന്നു. സ്കൂൾ അധ്യാപകനായിരിക്കെ വിദ്യാർഥികളെ കലാപ്രവർത്തനങ്ങളോട് അടുപ്പിച്ചു. പൂക്കാട് മുതൽ തോരായിപ്പുഴ വരെ മൂന്ന് കി.മീറ്റർ ദൂരത്തിൽ പൂക്കാട്-തുവ്വക്കോട് റോഡ് വീതി കൂട്ടുന്നതിനായി രൂപവത്കരിച്ച ജനകീയ കമ്മിറ്റിയുടെ കൺവീനറായി. റോഡ് പി.ഡബ്ല്യു.ഡിയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. അദ്ദേഹത്തി​െൻറ നിര്യാണത്തെ തുടർന്ന് പൂക്കാട് അങ്ങാടിയിൽ മൗനജാഥയും അനുശോചന യോഗവും നടന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. രാജൻ മേലാത്തൂർ, വിൻസൻറ് സാമുവൽ, കെ. ശങ്കരൻ, കെ. കുഞ്ഞിരാമൻ, ഉണ്ണികൃഷ്ണൻ പൂക്കാട്, വി.കെ. അബ്ദുൽ ഹാരിസ്, എൻ.കെ.കെ. മാരാർ, ഇ. ഗംഗാധരൻ, ശിവദാസ് ചേമഞ്ചേരി, അവിണേരി ശങ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.