നടുവണ്ണൂർ: മുടിയഴക് അർബുദരോഗികൾക്ക് പകുത്ത് മാതൃക തീർത്ത് സൈനയും റുക്സാനയും സനാനിയയും നിലാചന്ദനയും. നടുവണ്ണൂരിലെ സമാന്തര സ്ഥാപനമായ ഗായത്രി കോളജിലെ അനീഷ് മാഷിെൻറ ബയോളജി ക്ലാസാണ് ഇവരുടെ മനസ്സിനെ മാറ്റിമറിച്ചത്. 10ാംതരത്തിലെ ബയോളജി ക്ലാസിൽ അർബുദരോഗികൾക്ക് കീമോചെയ്താൽ തലമുടി നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിെൻറ സങ്കടങ്ങളെക്കുറിച്ചും കേട്ടപ്പോൾ സ്വന്തം തലമുടി വേദനിക്കുന്നവർക്കായി നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു ഇവർ. അർബുദ രോഗികൾക്ക് വിഗ് നിർമിച്ചുനൽകുന്ന കേന്ദ്രം തൃശൂരിലുണ്ടെന്നും അവിടേക്ക് മുടി അയച്ചുകൊടുക്കാമെന്നും അതുവഴി രോഗികൾക്ക് സഹായമാകുമെന്നും അനീഷ് മാഷിലൂടെ അവരറിഞ്ഞു. പിന്നെ താമസിച്ചില്ല. തങ്ങളുടെ തീരുമാനം വീട്ടുകാരെ അറിയിച്ചപ്പോൾ മാതാപിതാക്കളും ഇവരെ ഹൃദയത്തോടു ചേർത്തു പിടിച്ചു. അങ്ങനെ സമൃദ്ധമായി വളർന്ന തലമുടി ഒരേ അനുപാതത്തിൽ മുറിച്ചെടുത്ത് തൃശൂരിലെ വിഗ് ബാങ്കിലേക്ക് കൊറിയറായി അയച്ചുകൊടുക്കുകയായിരുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെയർ ബാങ്കിൽ 15 സെ.മീ നീളമുള്ള മുടിയാണ് ശേഖരിക്കുന്നത്. ഇവിടെനിന്ന് സൗജന്യമായി അർബുദരോഗികൾക്കായി വിഗ് നിർമിച്ചുനൽകുന്നു. നാട്ടിൻപുറത്തെ സാധാരണക്കാരുടെ മക്കളാണ് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന ഈ മിടുക്കികൾ. ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി നടുവണ്ണൂർ: വാകയാട് കരുമ്പങ്ങൽ ശ്രീ കുന്നോത്ത് ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളിൽ അന്നദാനം, തിറ, കലവറ നിറയ്ക്കൽ, താലപ്പൊലി, കലാപരിപാടികൾ എന്നിവ നടക്കും. വി.കെ. ഭാസ്കർ നായർ, കുഞ്ഞികൃഷ്ണൻ നായർ, കെ.കെ. മാധവൻ നായർ, െഎ.എം. കരുണാകരൻ, യു. സത്യനാഥൻ, പി.കെ. വേലായുധൻ, എസ്.എൽ. കിഷോർകുമാർ, പി. ത്രിഗുണൻ ക്ഷേത്രം തന്ത്രി രാമൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.