കനാലിൽ വെള്ളമില്ല; മുതുവടത്തൂരിൽ ജലക്ഷാമം രൂക്ഷമാകുന്നു

തണ്ണീർപന്തൽ: പുറമേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മുതുവടത്തൂരിൽ വർഷങ്ങളായി കൈക്കനാലിൽ വെള്ളമെത്തുന്നില്ല. നിർമാണം പൂർത്തിയായി ഇരുപതിലധികം വർഷമായെങ്കിലും ഒരു കാലത്തും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ചെറിയ സാങ്കേതികകാരണങ്ങൾ നിരത്തി അഞ്ഞൂറിലധികം വീട്ടുകാർക്ക് ഉപകാരപ്പെടേണ്ട കനാലിലേക്ക് വെള്ളം തുറന്ന് വിടാത്തതുകാരണം കാലങ്ങളായി കടുത്ത ജലക്ഷാമവും വരൾച്ചയും അനുഭവിക്കുകയാണ് നാട്ടുകാർ. ഇവിടെയാരും നിലവിൽ നെൽകൃഷി നടത്തുന്നില്ല. പേക്ഷ, കനാൽ തുറന്നാൽ നെൽകൃഷി നശിക്കുമെന്ന കാര്യം പറഞ്ഞാണ് വെള്ളം തുറന്നുവിടാത്തത്. പെരുവണ്ണാമൂഴിയിൽനിന്ന് തുടങ്ങുന്ന വലതുകര മെയിൻ കനാലി​െൻറ ഭാഗമായ ഈ കനാൽ തണ്ണീർപന്തലിൽനിന്ന് കുനിങ്ങാട് വഴിയാണ് മുതുവടത്തൂരിലെത്തുന്നത്. അഞ്ചുകിലോമീറ്റർ ദൂരത്തിലാണ് കനാൽ തികച്ചും ഉപയോഗശൂന്യമായി കിടക്കുന്നത്. ബന്ധപ്പെട്ട എം.എൽ.എ, ഇറിഗേഷൻ ഡിപ്പാർട്മ​െൻറ് അധികൃതർ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പലതവണ പരാതികൊടുത്തിട്ടും കനാൽ നോക്കുകുത്തിയായി തുടരുകയാണ്. അതിനിടെ കഴിഞ്ഞവർഷം ഇറിഗേഷൻ ഡിപ്പാർട്മ​െൻറി​െൻറ സമ്മതത്തോടെ പ്രദേശവാസികൾ ജനകീയ കമ്മിറ്റിയുണ്ടാക്കി കനാൽ നവീകരിച്ചിരുന്നു. ഇതിന് ഒരു ലക്ഷത്തിനടുത്ത് സംഖ്യ ഇവർക്ക് ചെലവായി. എന്നിട്ടും വെള്ളം ലഭ്യമാക്കാൻ അധികൃതർ തയാറായിട്ടില്ല. പനോള്ളതിൽ താഴ, എടക്കുടി, കുനിങ്ങാട് എന്നിവിടങ്ങളിലായി മൂന്നിടങ്ങളിൽ ഈ കനാൽ റോഡുകൾ ക്രോസ് ചെയ്യുന്നുണ്ട്. മേൽപാലത്തിന് (അക്കുഡേറ്റ്) പകരം ഇവിടങ്ങളിൽ റോഡിനടിയിലൂടെ പൈപ്പിടുകയാണ് ചെയ്തിട്ടുള്ളത്. റോഡിനടിയിൽ സ്ഥാപിച്ച ഇത്തരം പൈപ്പുകൾ പൊട്ടി വെള്ളം പാഴായിപ്പോകുമെന്ന ഭീതിയിലാണ് കനാലി​െൻറ ഈ ഭാഗത്ത് വെള്ളം തുറന്നുവിടാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുതുവടത്തൂർ പോസ്റ്റ് ഒാഫിസിന് സമീപം താമസിക്കുന്ന നിരവധി സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടെയാണ് കനാൽ കടന്നുപോവുന്നത്. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ പ്രദേശത്ത് അതിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ സ്ഥലം നൽകിയത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും വെള്ളമെത്താത്തതി​െൻറ നിരാശയിലാണ് നാട്ടുകാർ. കനാലുകൾ ആരംഭിച്ചത് കാർഷിക ആവശ്യത്തോടൊപ്പം ജലലഭ്യതക്ക് കൂടിയാണ്. ഫെബ്രുവരി പകുതിയാകുമ്പോഴേക്കും ഇവിടങ്ങളിലെ കിണറുകൾ വറ്റിത്തുടങ്ങും. എന്നാൽ കൈക്കനാലിൽ വെള്ളമെത്തുന്നതോടെ വരൾച്ചക്ക് പരിഹാരമാവുമെന്നും നാട്ടുകാർ പറയുന്നു. കൈക്കനാലിൽ വെള്ളമെത്തിക്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളിൽനിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. ഈ വേനലിലും കനാലിൽ വെള്ളമെത്തിക്കാത്ത പക്ഷം ശക്തമായ ബഹുജനപ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികളായ സി.കെ മൊയിനുദ്ദീൻ, അശോകൻ കൂനാറമ്പത്ത്, അബ്ദുല്ല ചിറപ്പുറത്ത്, സി.പി. സിറാജ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.