ആധി കെടുത്തി അത്താണിയായവർ

*ദുരിതവേളകളിൽ ൈകമെയ് മറന്ന് പ്രവർത്തിച്ച് അഗ്നിശമനസേന വൈത്തിരി: ഇക്കഴിഞ്ഞ എട്ടാം തീയതി മുതലാണ് വയനാട്ടിൽ കാലവർഷം രൗദ്രഭാവം പൂണ്ട് ഇളകിയാടാൻ തുടങ്ങിയത്. എട്ടിന് രാവിലെ ആറുമണിയോടെ ലക്കിടി ലക്ഷംവീട് കോളനിയിലാണ് കനത്തമഴയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബം വീടിനുള്ളിൽ കുടുങ്ങിയത്. വിവരം ലഭിച്ചു 10 മിനിറ്റിനകം കൽപറ്റ ഫയർഫോഴ്സ് സ്ഥലത്ത് കുതിച്ചെത്തി. ശക്തമായ മലവെള്ളപ്പാച്ചിൽ വകവെക്കാതെ വീട്ടിനകത്തുനിന്ന് ആറുപേരെ പുറത്തെത്തിച്ച ഫോഴ്സ് ജീവനക്കാർ മടങ്ങിവരവിനിടെ കണ്ടുമുട്ടുന്നത് തളിപ്പുഴ വളവിനടുത്ത് ദേശീയപാതയിലേക്ക് അടർന്നുവീണ മൺകൂനയാണ്. അരമണിക്കൂറിനകം റോഡിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചാണ് മടങ്ങിയത്. തുടർന്ന് മണിയങ്കോേട്ടക്ക് 'ഡിങ്കി'യിൽ എത്തിയ സേന സാഹസികമായാണ് 94 പേരെ പുറത്തെത്തിച്ചത്. വയനാട്ടിലേക്കുള്ള വിവിധ പാതകൾ മണ്ണിടിച്ചിലിനെത്തുടർന്ന് അടഞ്ഞതോടെ തികച്ചും ഒറ്റപ്പെട്ടുപോയ ജില്ലയിലെ ആകെയുള്ള മൂന്ന് ഫയർ സ്റ്റേഷനുകൾ വിശ്രമമറിയാത്ത സേവനത്തിലായിരുന്നു. ഇതര ജില്ലകളിൽ നിന്നുമുള്ള ഫയർ സർവിസ് സേവനം തീർത്തും ഇല്ലാതായി. പുൽപള്ളി, തൊണ്ടർനാട്, വൈത്തിരി എന്നിവിടങ്ങളിൽ ഫയർ സർവിസ് യൂനിറ്റ് വേണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ടെങ്കിലും വയനാടി​െൻറ ഭൂമിശാസ്ത്രപരമായ പരിമിതികൾ പരിഗണിച്ചുപോലും അനുകൂല തീരുമാനമെടുക്കാൻ സർക്കാറുകൾക്കായിട്ടില്ല. വൈത്തിരി പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള ലക്ഷംവീട് കോളനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ രണ്ടു കുടുംബങ്ങളിൽ പെട്ടവരെ പുറത്തെത്തിച്ചത് തീവ്രപ്രയത്നത്തിനൊടുവിലാണ്. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ഒമ്പതാം തീയതി പുലർച്ചെ പൊലീസ് ക്വാർട്ടേഴ്സിനോട് ചേർന്ന മരം റോഡിലേക്ക് കടപുഴകി മണ്ണോടുകൂടി റോഡിലേക്ക് ഫയർ എൻജിനു മുന്നിൽ വീണത്. ചുരത്തിൽ ഒമ്പതാം വളവിൽ വൻതോതിൽ പാറയും മണ്ണുമിടിഞ്ഞുണ്ടായ തടസ്സം നീക്കിയതും മണ്ണിടിഞ്ഞതിന് അടിയിൽപെട്ടുപോയ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതും വളരെ സമയമെടുത്താണ്. പൊഴുതന അമ്മാറയിൽ ഉരുൾപൊട്ടിയതിനെത്തുടർന്നു വെള്ളം ക്രമാതീതമായി പൊങ്ങി വീടിനകത്തു കുടുങ്ങിയ സജ്നയെന്ന പൂർണ ഗർഭിണിയായ യുവതിയെയും കുടുംബത്തെയും സേനാംഗങ്ങൾ സാഹസികമായി ബോട്ടിൽ രക്ഷപ്പെടുത്തി കൽപറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. വാഹനമെത്തുന്ന സ്ഥലത്തുനിന്നു രണ്ടര കിലോമീറ്റർ ഡിങ്കിയിൽ തുഴഞ്ഞും വെള്ളമില്ലാത്ത സ്ഥലത്ത് ഡിങ്കി തോളിൽ ചുമന്നുമാണ് സേന ദുർഘട വഴികളിലൂടെ സഞ്ചരിച്ച് സ്ഥലത്തെത്തിയത്. അതേദിവസമാണ് അമ്മാറയിലെയും ആനോത്തുമുള്ള വൃദ്ധരും രോഗികളുമായ 97 പേരെ രക്ഷപ്പെടുത്തിയത്. കോട്ടത്തറ വണ്ടിയാമ്പറ്റയിൽ ശക്തമായ മഴയിൽ നാലു കുടുംബങ്ങൾ കുടുങ്ങിയ കാളമ്പാടി ഫാമിൽ രക്ഷാപ്രവർത്തനം നടത്തിയത് വളരെ സാഹസപ്പെട്ടായിരുന്നു. ഒരു കിലോമീറ്ററോളം കുത്തിയൊഴുകുന്ന പുഴയിൽ കവുങ്ങിൻ തോട്ടത്തിലൂടെ സഞ്ചരിച്ചാണ് ഫാമിലെത്തിയത്. വെള്ളപ്പൊക്കം രൂക്ഷമായ പനമരം, പൊഴുതന, ആറുവാൾ, വെള്ളമുണ്ട എന്നിവിടങ്ങളിലും കനത്ത ഉരുൾപൊട്ടലുണ്ടായ കുറിച്യർമല ഭാഗങ്ങളിലും ജീവനക്കാർ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ ദിവസം ചുരത്തിൽ റോഡിനു കുറുകെ വീണ മരം മുറിച്ചുമാറ്റുന്നതിനിടെ മുകളിൽനിന്ന് താഴേക്ക് പതിച്ച മണ്ണിൽനിന്ന് ഭാഗ്യംകൊണ്ടാണ് സേനാംഗങ്ങൾ രക്ഷപ്പെട്ടത്. ജില്ലയിലെ കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ മൂന്ന് യൂനിറ്റുകളിലായി 110ഒാളം ജീവനക്കാരാണ് സേവനം ചെയ്യുന്നത്. സെയ്ത് തളിപ്പുഴ MONWDL13 കൽപറ്റ ഫയർസ്റ്റേഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.