വയലോരക്കാർ വീടുകളിലേക്ക്; ദാറുസ്സലാമി​െൻറ സ്‌നേഹത്തണലിന് നന്ദി

കോഴിക്കോട്: നാട് മുഴുവൻ വെള്ളം കവർന്ന ഭീതിയിൽ കഴിയുന്നതിനിടെയിലാണ് വീടിനു ചുറ്റുമുള്ള വയലുകൾ നിറഞ്ഞുകവിഞ്ഞ് വെള്ളം തങ്ങളുടെ കൂരയിലേക്കും ഒലിച്ചെത്തിയത്. എന്തുചെയ്യണമെന്ന് അറിയാതെ വിറങ്ങലിച്ച് ഏറെനേരം നിന്നു. ഒടുവിൽ സ്വരുക്കൂട്ടിവെച്ചതെല്ലാം പ്രളയത്തിന് കൈമാറി ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു- മടച്ചാലി വയലോരത്തുനിന്ന് പാവങ്ങാട് ദാറുസ്സലാം മസ്‌ജിദ്‌ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ നിറകണ്ണുകളുമായി 80കാരി ശാരദാമ്മ ത​െൻറ അനുഭവം പറഞ്ഞപ്പോൾ ചുറ്റുമുള്ളവരുടെ നെഞ്ചുപിടച്ചു. മഴക്കെടുതിയിൽ നാട് മുങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പിനായി പള്ളി തുറന്നുനൽകി മാതൃകയാകുകയായിരുന്നു പാവങ്ങാട് ദാറുസ്സലാം മസ്‌ജിദ്‌. 70 കുടുംബങ്ങളിൽ നിന്നായി 300ലേറെ പേരാണ് പള്ളിയങ്കണത്തിൽ കഴിഞ്ഞത്. പുത്തൂർ എ.യു.പി സ്കൂളിൽ വെളിച്ചക്കുറവ് ഉൾപ്പെടെ പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ പള്ളിക്കമ്മിറ്റി ഭാരവാഹികൾ സ്കൂളിൽ എത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു. മഴ കുറഞ്ഞ് അനുകൂല കാലാവസ്ഥയായതോടെയാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്. വെള്ളത്തിൽ മുങ്ങിയ വീടുകളിൽ എത്തി ശുചീകരണജോലികൾ നടത്താനും പള്ളിക്കമ്മിറ്റി മുന്നിലുണ്ട്. എം. അബൂബക്കർ ഹാജി പ്രസിഡൻറും പി. മുഹമ്മദ് റാഫി സെക്രട്ടറിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. പള്ളി ഇമാം മുഹമ്മദ് സലഫിയും സഹായവുമായി ഒപ്പമുണ്ടായിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, എ. പ്രദീപ് കുമാർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.