പ്രളയ​​െക്കടുതിക്ക്​ പിന്നാലെ മഞ്ഞപ്പിത്തം: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: പ്രളയംമൂലം കുടിവെള്ളം മലിനമാകാന്‍ സാധ്യതയുള്ളതിനാലും മഞ്ഞപ്പിത്ത രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. രോഗാണു കലര്‍ന്ന് മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഇത് പകരുന്നത്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിനുമുമ്പും ടോയ്‌ലറ്റില്‍ പോയതിനുശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. 2. കുടിവെള്ള സ്രോതസ്സുകള്‍ ബ്ലിച്ചിങ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക. 20 മിനിറ്റെങ്കിലും തിളച്ചവെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. വൃക്തിശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. 3. തണുത്തതും പഴകിയതുമായ ഭക്ഷണപദാർഥങ്ങള്‍ ഒഴിവാക്കുക. കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. രോഗബാധിതര്‍ ഭക്ഷണപദാർഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക. 4. ഭക്ഷണപദാർഥങ്ങള്‍ നന്നായി പാചകം ചെയ്യുകയും അടച്ച് സൂക്ഷിക്കുകയും ചെയ്യുക. 5. പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ശുദ്ധജലത്തില്‍ പലപ്രാവശ്യം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. 6. ഐസ്‌ക്രീം, സിപ്പപ്, സംഭാരം, സര്‍ബത്ത്, ജ്യൂസ് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയാറാക്കിയതാണെന്ന് ഉറപ്പുവരുത്തിയശേഷംമാത്രം ഉപയോഗിക്കുക. 7. ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുക. വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുക. 8. വെള്ളപ്പൊക്കത്തിനുശേഷം പല സ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുമ്പോള്‍ അവ പുഴകളിലോ തോടുകളിലോ അരുവികളിലോ മറ്റ് ആള്‍വാസമില്ലാത്ത പറമ്പുകളിലോ നിക്ഷേപിക്കാന്‍ അനുവദിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ശരിയായരീതിയില്‍ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഹെൽപ് ലൈന്‍ ഇന്നു മുതല്‍ കോഴിക്കോട്: വെള്ളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്നവർക്ക് സേവനം നല്‍കാന്‍ ജില്ല ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, മെഡിക്കല്‍ കോളജ് എന്നിവ സംയുക്തമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെൽപ് ലൈന്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ മറ്റ് അടിയന്തര ശ്രദ്ധവേണ്ട കാര്യങ്ങള്‍ എന്നിവക്ക് സേവനങ്ങള്‍ ഇതുവഴി ലഭിക്കും. ഫോണ്‍ നമ്പര്‍: 9745661177, 9745774433, 8943118811.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.