ഷൊർണൂർ ഭാഗത്തേക്ക്​ ട്രെയിനുകളില്ല; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. നിരവധി യാത്രക്കാരാണ് ലക്ഷ്യസ്ഥാനത്തെത്താതെ റെയിൽവേ സ്റ്റേഷനുകളിൽ കഴിച്ചുകൂട്ടുന്നത്. ഷൊർണൂർ ഭാഗത്തേക്ക് ഒരു ട്രെയിനും വെള്ളിയാഴ്ച സർവിസ് നടത്തിയില്ല. ശനിയാഴ്ച വൈകീട്ട് വരെ ഷൊർണൂർ ഭാഗത്തേക്ക് ട്രെയിനുകളുണ്ടാകില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. കുറ്റിപ്പുറം ഭാഗത്ത് ട്രാക്കിൽ വെള്ളം കയറിയതാണ് ഇൗ ഭാഗത്തേക്കുള്ള ഗതാഗതത്തെ ബാധിച്ചത്. അതേസമയം, കണ്ണൂർ ഭാഗത്തേക്ക് മൂന്നു ട്രെയിനുകൾ വെള്ളിയാഴ്ച സർവിസ് നടത്തി. ഉച്ചക്ക് ഒരു മണിക്കും രണ്ടു മണിക്കും രാത്രി എട്ടിനുമാണ് ട്രെയിനുകൾ സർവിസ് നടത്തിയത്. തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും സന്ദര്‍ശിച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരെ തമിഴ്‌നാട് വഴി നാട്ടിലെത്തിക്കുന്നതിന് നടപടിയെടുക്കും. കോഴിക്കോട്-കോയമ്പത്തൂര്‍ വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി.സി സർവിസ് നടത്താൻ മന്ത്രി നിർദേശം നല്‍കി. ജില്ല ഭരണകൂടം സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സ്റ്റേഷനിലെത്തിയ 700ഓളം യാത്രക്കാര്‍ക്ക് പ്രഭാതഭക്ഷണവും 1500ഒാളം യാത്രക്കാര്‍ക്ക് ഉച്ചഭക്ഷണവും നല്‍കി. ആവശ്യമുള്ള യാത്രക്കാര്‍ക്ക് താമസസൗകര്യവും ഒരുക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, കലക്ടര്‍ യു.വി. ജോസ് എന്നിവരും റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.