പുതുപ്പാടിയിൽ റോഡുകളും വീടുകളും മലവെള്ളത്തിൽ മുങ്ങി

ഈങ്ങാപ്പുഴ: മലയോരത്ത് ശക്തമായ മഴ തുടരുന്നു, പുതുപ്പാടി മേഖലയിൽ ദേശീയപാതയടക്കം മിക്ക റോഡുകളും മലവെള്ളത്തിൽ മുങ്ങി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, പയോണ, ഈങ്ങാപ്പുഴ പ്രദേശങ്ങളിൽ നൂറോളം വീടുകൾ മലവെള്ളത്തിലായി. ദേശീയപാതയിെല ഈങ്ങാപ്പുഴ, കൈതപ്പൊയിൽ, അടിവാരം എന്നിവിടങ്ങളിൽ റോഡ് നാലു മണിക്കൂറോളം വെള്ളത്തിനടിയിലായി. ഈങ്ങാപ്പുഴ ടൗൺ മുതൽ കി.മീറ്ററിലധികം ദൂരം പെട്രോൾ പമ്പുവരെ റോഡ് മലവെള്ളത്തിലാണ്. പയോണ അങ്ങാടിയിലും ഈങ്ങാപ്പുഴ ടൗണിലെ 50ലധികം കച്ചവട സ്ഥാപനങ്ങളിലും മലവെള്ളം കെട്ടിനിന്നു. കടകളിലെ സാധനസാമഗ്രികൾ ഒഴുകിപ്പോകാതിരിക്കാൻ നാട്ടുകാരും കച്ചവടക്കാരും ഏറെ പാടുപെട്ടു. കോടഞ്ചേരി-ഈങ്ങാപ്പുഴ റോഡി​െൻറ കുപ്പായക്കോട് ഭാഗം അര കി.മീറ്റർ മലവെള്ളത്തിനടിയിലായി. ഈ റൂട്ടിൽ ചൊവ്വാഴ്ച ബസുകളടക്കം വാഹനങ്ങൾ ഒന്നും സർവിസ് നടത്തിയില്ല. പകൽ മുഴുവൻ റോഡിൽ വെള്ളം ഒഴിയാതെ നിന്നു. കൈതപ്പൊയിൽ-കോടഞ്ചേരി റൂട്ടിലും വെള്ളം കയറി ഗതാഗതം മുടങ്ങി. കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായ മട്ടിക്കുന്നിൽ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടി. താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിൽനിന്നും നേരത്തെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതിനാൽ വീടുകളിൽ മലവെള്ളം കയറിയെങ്കിലും അപകടങ്ങളില്ല. കണ്ണപ്പൻകുണ്ട് പാലം, മട്ടിക്കുന്ന് പാലം എന്നിവിടങ്ങളിൽ വന്നടിഞ്ഞ മരങ്ങളും മറ്റും നീക്കിയതിനാൽ മലവെള്ളത്തി​െൻറ കുത്തൊഴുക്ക് ഭീകരമായില്ല. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ കനത്ത മഴക്ക് യാതൊരു ശമനവും ചൊവ്വാഴ്ച വൈകീട്ടുവരെ ഉണ്ടായിട്ടില്ല. മഴ ഇനിയും നിലക്കാതെ ശക്തിയായി തുടർന്നാൽ എന്തും സംഭവിക്കുമെന്ന ഭീതിയിലാണ് മലയോരവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.