അവിശ്വാസം പാസായി; പടിഞ്ഞാറത്തറ പഞ്ചായത്ത് ഇടതിനെ കൈവിട്ടു

മാനന്തവാടി/വെള്ളമുണ്ട: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. ഒറ്റ സീറ്റി​െൻറ പിൻബലത്തിൽ ഭരണം നടന്നിരുന്ന പടിഞ്ഞാറത്തറയിൽ യു.ഡി.എഫി​െൻറ പിന്തുണയോടെ ഇടതു സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസമാണ് ഇടതുപക്ഷത്തി​െൻറ രണ്ടര വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചത്. കഴിഞ്ഞമാസം മുട്ടിൽ പഞ്ചായത്ത് ഭരണവും ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച് വിജയിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന എം.പി. നൗഷാദ് സ്ഥാനം രാജിവെച്ച് നല്‍കിയ അവിശ്വാസ പ്രമേയമാണ് വോട്ടെടുപ്പില്‍ പാസായത്. യു.ഡി.എഫിലെ ഏഴംഗങ്ങളുടെ പിന്തുണയോടെയാണ് നൗഷാദ് പ്രസിഡൻറ് പി.ജി. സജേഷിനെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയത്. രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും യു.ഡി.എഫിലെ ഏഴംഗങ്ങളും നേരത്തേ ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന് വൈസ് പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്ന നസീമ പൊന്നാണ്ടിയും പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ 16 അംഗ ഭരണസമിതിയില്‍ പ്രസിഡൻറിനെതിരെ ഒമ്പതു പേര്‍ വോട്ടു രേഖപ്പെടുത്തി. വിജയ പ്രതീക്ഷയില്ലാത്തതിനാല്‍ എൽ.ഡി.എഫിലെ ആറംഗങ്ങളും ബി.ജെ.പിയിലെ ഒരംഗവും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സരുണായിരുന്നു വരണാധികാരി. ജില്ലയിലെ ദുരിതബാധിത സാഹചര്യത്തില്‍ ആഹ്ലാദപ്രകടനം ഒഴിവാക്കി മധുര വിതരണത്തിലൂടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സന്തോഷം പ്രകടിപ്പിച്ചത്. തുടര്‍ഭരണം യു.ഡി.എഫ് നിയന്ത്രണത്തിലാക്കാന്‍ ധാരണയിലെത്തിയതായാണ് സൂചന. ഇതുപ്രകാരം നൗഷാദ് മുസ്ലിം ലീഗ് അംഗത്വമെടുക്കും. അടുത്ത ഒരു വര്‍ഷം പ്രസിഡൻറ് പദവിയും നൽകും. ഇതിനുശേഷം ലീഗിലെ അംഗങ്ങളിലൊരാൾ പ്രസിഡൻറാകും. നിലവിലെ വൈസ് പ്രസിഡൻറ് നസീമ പൊന്നാണ്ടി വൈസ് പ്രസിഡൻറ് സ്ഥാനത്ത് തുടരും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തി​െൻറ പേരില്‍ നസീമക്കൊപ്പം പുറത്താക്കിയിരുന്ന പന്തിപ്പൊയിലിലെ കെ.കെ. മമ്മൂട്ടിയെ ലീഗിലേക്ക് തിരിച്ചെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.