കൊടുവള്ളി: പന്നൂരിലെ കെ. ആലി മാസ്റ്ററുടെ നിര്യാണത്തിലൂടെ നഷ്ടമായത് മത -സാമൂഹിക -രാഷ്ട്രീയ മേഖലകളിൽ അരനൂറ്റാണ്ട് കാലം നിറഞ്ഞുനിന്ന സേവകനെ. വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറായ ആലി മാസ്റ്റർ കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, ജന. സെക്രട്ടറി, ട്രഷറർ, മണ്ഡലം വർക്കിങ് കമ്മിറ്റി അംഗം, ജില്ല കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി നാലുതവണ ഒരേ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വികസന മേഖലകളിലും സജീവ ശ്രദ്ധ പതിപ്പിച്ചു. ആവിലോറ എം.എം.എ.യു.പി സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ഇദ്ദേഹം വിദ്യാലയം യു.പി ആക്കി ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിന് പിന്നിലും പന്നൂർ ഹൈസ്കൂൾ സ്ഥാപിച്ചതിന് പിന്നിലും നടത്തിയ സേവനം എടുത്തു പറയേണ്ടതാണ്. പന്നൂർ സബ് സെൻററും സാംസ്കാരിക നിലയവും ആലി മാസ്റ്ററുടെ സംഭാവനയാണ്. സമസ്തയുടെ സജീവ പ്രവർത്തകനായ ആലി മാസ്റ്റർ മരണം വരെ പന്നൂർ മഹല്ല് കമ്മിറ്റിയുടേയും പന്നൂർ അൻവാറുൽ ഇസ്ലാം മദ്റസയുടേയും പ്രസിഡൻറായിരുന്നു. നിര്യാണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടിയും, ജില്ല മുസ്ലിം ലീഗ് ജന. സെക്രട്ടറി എ.എ റസാഖ് മാസ്റ്ററും അനുശോചിച്ചു. കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും അനുശോചിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻ കുട്ടി , ജില്ല ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, പി.ടി.എ. റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ മാസ്റ്റർ, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി അൻവൻ സാദത്ത് തുടങ്ങിയവർ വസതി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.