കോഴിക്കാട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഉടൻ പ്രവർത്തികമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിനായുള്ള നടപടി നീണ്ടുപോകുന്നതിനെതുടർന്ന് പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യമുയർന്നത്. റോഡ് വികസനത്തിന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതിക്കുള്ള ഫയൽ കിട്ടിയാലുടൻ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. തുടർന്ന് സമരം പിൻവലിക്കണമെന്ന അഭ്യർഥന മാനിച്ച് ഡോ. എം.ജി.എസ്. നാരായണെൻറ നേതൃത്വത്തിൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 334.5 കോടിയിൽ മുൻ സർക്കാറിെൻറ കാലത്തെ 64 കോടിയും ഇപ്പോഴത്തെ സർക്കാറിെൻറ 50 കോടിയുമടക്കം മൊത്തം 114 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. അതിൽ 110കോടിയുടെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഭൂമിക്ക് മതിൽ കെട്ടാനുള്ള നാല് കോടി രൂപയുടെ പ്രവൃത്തി സിവിൽ സ്റ്റേഷനിലേതടക്കം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. 112 കോടി ഉടൻ അനുവദിച്ചാൽ മാത്രമേ മുൻകൂർ സമ്മതപ്രതവും അസ്സൽ രേഖകളും നൽകിയവരുടെ ഭൂമി ഏറ്റെടുക്കാൻ കഴിയുള്ളൂ. അനുവാദം നൽകാത്തവരുടെ ഭൂമി എൽ.എ നിയമ പ്രകാരം ഏറ്റെടുക്കുകയും വേണം. ഇക്കാര്യങ്ങളിൽ സത്വര നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻറ് മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, കെ.വി. സുനിൽകുമാർ, കെ.പി. വിജയകുമാർ, പ്രദീപ് മാമ്പറ്റ, പി.എം. കോയ, ആർ.ജി. രമേശ്, സിറാജ് വെള്ളിമാടുകുന്ന്, സി. ചെക്കുട്ടിഹാജി, എ.കെ. ശ്രീജൻ, പി. സദാനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.