ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി; ഫറോക്ക് ടൗണിൽ ശുദ്ധജലം റോഡിൽ പരന്നൊഴുകി

രാവിലെ തുടങ്ങിയ ചോർച്ച രാത്രി വൈകിയും അടക്കാൻ നടപടിയെടുത്തില്ല ഫറോക്ക്: ഫറോക്ക് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ജപ്പാൻ ഭൂഗർഭ പൈപ്പ് ലൈനുകളിൽ വൻ ചോർച്ച. ഫറോക്ക് റെയിൽവേ സ്റ്റേഷൻ പ്രവേശന കവാടത്തിൽ ഭൂഗർഭ പൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് ഒടുവിലത്തേത്. വ്യാഴാഴ്ച അർധരാത്രി മുതൽ ഒഴുകാൻ തുടങ്ങിയ ശുദ്ധജലം ടൗണിലും സമീപത്തെ റോഡുകളിലും പാഴായിക്കൊണ്ടിരിക്കുകയാണ്. വെള്ളം പുറത്തേക്ക് ശക്തിയായി ഒഴുകാൻ തുടങ്ങിയതോടെ റെയിൽവേ സ്റ്റേഷനു മുൻവശത്തെ റോഡും തകർന്നിട്ടുണ്ട്. മണിക്കൂറുകളോളം റോഡിൽ പാഴാവുന്ന ചോർച്ച വെള്ളിയാഴ്ച രാത്രിയിലും തുടരുകയാണ്. വേനൽ കനത്തതോടെ കുടിവെള്ളത്തിനായി നാടും നഗരവും നെട്ടോട്ടമോടുമ്പോഴാണ് ഫറോക്കിൽ ശുദ്ധജലം പാഴായിക്കൊണ്ടിരിക്കുന്നത്. ഫറോക്കി​െൻറ വിവിധ ഭാഗങ്ങളിൽ ആഴ്ചകളായി ശുദ്ധജലം റോഡിൽ പരന്നൊഴുകിയിട്ടും ചോർച്ച അടക്കാൻ നടപടിയെടുക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചായിച്ചൻ വളവ്, റെയിൽവേ സ്റ്റേഷൻ രണ്ടാം ഫ്ലാറ്റ്ഫോം റോഡിലെ രണ്ട് സ്ഥലങ്ങൾ, ചെനപ്പറമ്പ് റോഡ്, കരുവൻതിരുത്തി റോഡിലെ റെയിൽവേ അടിപ്പാത, പഴയ പാലത്തിനു സമീപം, ഫറോക്ക് ടൗൺ, പുറ്റെക്കാട് റോഡ്, പ്രീതി കോംപ്ലക്സിനു സമീപം എന്നിവിടങ്ങളിലാണ് ആഴ്ചകളായി ശുദ്ധജലം പാഴായിക്കൊണ്ടിരിക്കുന്നത്. കരുവൻതിരുത്തി റോഡിലെ റെയിൽവേ അടിപ്പാതയിലെ കോൺക്രീറ്റ് ചുവരുകൾക്കിടയിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തിലധികമായി. മാസങ്ങൾക്കു മുമ്പ് ഫറോക്ക് ബോട്ട് ജെട്ടിക്കു സമീപത്തെ കടലുണ്ടി ഭാഗത്തേക്ക് കുടിവെളമെത്തിക്കുന്ന പ്രധാന വിതരണക്കുഴലിൽ ചോർച്ചയുണ്ടായിരുന്നു. ഇതേ പൈപ്ലൈനിൽനിന്നുതന്നെയാണ് കഴിഞ്ഞ കുറെ ദിവസമായി ശുദ്ധജലം പരന്നൊഴുകുന്നത്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രധാന പൈപ്പിലൂടെ നാലാം ഘട്ട ജപ്പാൻ കുടി വെള്ളം കടത്തിവിടുന്നതിനിടയിലാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. കഴിഞ്ഞമാസം രണ്ടാം ഘട്ടത്തിൽ കുടിവെള്ളം കടത്തിവിട്ട സമയത്ത് വെള്ളം പുറത്തേക്ക് ഒഴുകി ബസ്സ്റ്റാൻഡിനു മുന്നിലെ കടലുണ്ടി റോഡ് തകർന്നിരുന്നു. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനിലെ തുടർച്ചയായി ഉണ്ടാകുന്ന ചോർച്ച തദ്ദേശ സ്ഥാപനങ്ങളുടെ ജലവിതരണം തടസ്സപ്പെടുമെന്ന ആശങ്കകൾ വ്യാപകമാക്കിയിരിക്കുകയാണ്. പല ഭൂഗർഭ പൈപ്പുകളും കാലഹരണപ്പെട്ടതാണ്. ഇതിലൂടെ ജപ്പാൻ പദ്ധതിയുടെ വെള്ളം കടത്തിവിടുമ്പോഴാണ് പൈപ്പ് പൊട്ടൽ വ്യാപകമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.