ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടിയ ആയഞ്ചേരി പഞ്ചായത്ത് മത്സ്യമാർക്കറ്റ് തുറക്കാൻ നടപടിയായില്ല. വിളിച്ചെടുത്തയാൾ നൽകാനുള്ള പണം കുടിശ്ശികയാക്കിയതോടെയാണ് സെക്രട്ടറി നോട്ടീസ് നൽകി മാർക്കറ്റ് അടച്ചുപൂട്ടിയത്. ഇതോടെ മാർക്കറ്റിലെ തൊഴിലാളികൾക്ക് രണ്ടുമാസമായി തൊഴിലില്ലാത്ത അവസ്ഥയാണ്. പഞ്ചായത്തിന് കിട്ടേണ്ട വരുമാനവും നിലച്ചു. തുടക്കത്തിൽ മാർക്കറ്റിൽ പതിനഞ്ചോളം തൊഴിലാളികൾ ഉണ്ടായിരുന്നു. ഉപഭോക്താക്കൾ മത്സ്യത്തിനായി ഏറെയും ആശ്രയിച്ചത് മാർക്കറ്റിനെയായിരുന്നു. എന്നാൽ, മാലിന്യപ്രശ്നം പലപ്പോഴും പ്രവർത്തനത്തെ ബാധിച്ചു. മലിനജല ടാങ്ക് നിർമിച്ചിരുന്നെങ്കിലും മാർക്കറ്റിലെ മാലിന്യം ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് അടുത്തുള്ള കിണറ്റിലേക്ക് മാലിന്യം പടർന്നു. കിണർ മലിനമായതോടെ വെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടേണ്ടി വന്നു. എന്നാൽ, മാലിന്യപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് കാര്യമായൊന്നും ചെയ്തില്ല. ഗുണമേന്മയുള്ള മത്സ്യം ലഭിക്കാതായതും അമിത വില ഈടാക്കുന്നതായുള്ള ആക്ഷേപവും ജനങ്ങളെ മാർക്കറ്റിൽനിന്ന് അകറ്റി. മാലിന്യപ്രശ്നത്തിന് പരിഹാരം വൈകിയതോടെ മാർക്കറ്റ് വിളിച്ചെടുത്തയാൾക്ക് പണം നൽകാൻ കച്ചവടക്കാർ തയാറായില്ല. മാർക്കറ്റ് വിളിച്ചെടുത്തയാൾ പഞ്ചായത്തിൽ പണം നൽകാതായതോടെ മാർക്കറ്റ് അടച്ചുപൂട്ടുകയും ചെയ്തു. മാർക്കറ്റ് അടച്ചുപൂട്ടിയിട്ട് രണ്ടുമാസമായിട്ടും അത് തുറക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ കച്ചവടക്കാരും നാട്ടുകാരും പ്രതിഷേധത്തിലാണ്. അതേസമയം, റോഡരികിലെ മത്സ്യ വിൽപന ഇപ്പോൾ സജീവമാണ്. ഗ്രാമീണമേഖല വികസനത്തിന് കൂട്ടായ പ്രവർത്തനം വേണം -മുല്ലപ്പള്ളി തിരുവള്ളൂർ: ഗ്രാമീണമേഖലകളുടെ അടിസ്ഥാനവികസനത്തിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പെരുവത്താഴ കോട്ടപ്പള്ളി എൽ.പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത് മലോൽ, ഗ്രാമപഞ്ചായത്ത് അംഗം പി. ഇബ്രാഹിം ഹാജി, അമാരപ്പള്ളി കുഞ്ഞിശങ്കരൻ, ഹംസ മാവിലാട്ട്, കെ.കെ. ഷെരീഫ്, സി.എച്ച്. അമ്മദ്, ചുണ്ടോളി മീത്തൽ സൂപ്പി, മലപ്പാടി കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.