എടച്ചേരി ജലനിധി കിണർ പ്രശ്നം വഴിത്തിരിവിൽ; പ്രക്ഷോഭത്തിന് ഗ്രാമപഞ്ചായത്തും രംഗത്തിറങ്ങി

നാദാപുരം: ജലനിധി പദ്ധതിയുടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച കിണർ ഉപയോഗശൂന്യമായിട്ടും അധികൃതർ പരിഹാര നടപടി സ്വീകരിക്കാത്തതിൽ എടച്ചേരിയിൽ പ്രതിഷേധം ശക്തമായി. ആയിരങ്ങൾ മുടക്കി പദ്ധതിയിൽ അംഗങ്ങളായ നിർധനരായ ഗുണഭോക്താക്കളുടെ രോഷമടക്കാൻ പാടുപെടുന്ന, എടച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഒടുവിൽ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തിറങ്ങി. പ്രശ്നം ഏറ്റെടുക്കാൻ പലയിടങ്ങളിൽ നിന്നായി ജനകീയ സമിതികളടക്കം രംഗത്തു വന്നതോടെയാണ് പ്രക്ഷോഭത്തിന് ശക്തിവർധിച്ചത്. ഗ്രാമപഞ്ചായത്തും പ്രക്ഷോഭകർക്കൊപ്പം നിന്നതോടെ സമരം വഴിത്തിരിവിലായി. അടുത്ത മാസം മൂന്നിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും പെരിന്തൽമണ്ണയിലെ ജലനിധി മേഖല ടെക്നിക്കൽ മാനേജരുടെ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രക്ഷോഭത്തിൽ ജലനിധി ഗുണഭോക്താക്കളായ 100 ഓളം കുടുംബങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. എടച്ചേരി കുമ്മിളി, മുല്ലപ്പള്ളി പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചാണ് ജലനിധി പദ്ധതി കിണർ ഉദ്ഘാടനത്തിന് മുമ്പേ ഉപയോഗ ശൂന്യമായത്. മാലിന്യം കലർന്ന കറുത്ത നിറത്തിലുള്ള ചളിവെള്ളം നിറഞ്ഞ കിണർ ശുദ്ധീകരിക്കാൻ വഴിയില്ലാതെ ജലനിധി അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. ഉപയോഗ ശൂന്യമായ വെള്ളം ശുദ്ധീകരിക്കാൻ സംവിധാനമൊരുക്കാൻ പദ്ധതിയുടെ ഫണ്ടിങ് ഏജൻസിയായ ലോകബാങ്ക് അധികൃതരുടെ അനുവാദം കാത്തിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ജലനിധി മേഖല ടെക്നിക്കൽ ഓഫിസർ അറിയിച്ചത്. എന്നാൽ, ഇതിനു അനുവാദം ലഭിക്കുമെന്നോ പകരം സംവിധാനം എങ്ങനെ ഒരുക്കുമെന്നോ പറയാതെ അധികൃതർ ഒഴിഞ്ഞു മാറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.