ജില്ലയിൽ ഭൂമി നൽകാനുള്ള അപേക്ഷകൾ വീണ്ടും പരിഗണിക്കണമെന്ന് നിയമസഭ സമിതി

നടുവണ്ണൂർ: ജില്ലയിലെ പട്ടികവിഭാഗമുൾപ്പെടെയുള്ള ഭൂരഹിതർക്ക് സർക്കാർ ഭൂമി ലഭിക്കുന്നതിനുള്ള അപേക്ഷകൾ വീണ്ടും പരിഗണിക്കണമെന്ന് നിയമസഭ പെറ്റീഷൻ സമിതി ജില്ല കലക്ടർക്ക് നിർദേശം നൽകി. മൂന്നാറിൽ സർക്കാർ പിടിച്ചെടുത്ത 1662 ഏക്കർ ഭൂമിയാണ് അർഹരായ ആദിവാസി, പട്ടികജാതി പട്ടികവർഗം, തോട്ടം തൊഴിലാളികൾ എന്നിവർക്ക് നൽകാൻ 2008 നവംബർ 20 ലെ എം.എസ് നമ്പർ 394/08 സർക്കാർ ഉത്തരവ് പ്രകാരം തീരുമാനിച്ചത്. ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപേക്ഷകൾ പരിഗണിക്കപ്പെടാതെ പോയതിന് കാരണമായി പറയുന്നത്. മറ്റു ജില്ലകളിലെ അപേക്ഷകർക്ക് ഭൂമി ലഭിച്ചപ്പോൾ കോഴിക്കോട് ജില്ലയിലെ അപേക്ഷകൾ പരിഗണിക്കപ്പെടാത്തതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് ചെയർമാൻ പി.ബി. അജിത്ത് നിയമസഭ പെറ്റീഷൻ സമിതിക്ക് നൽകിയ പരാതിയെതുടർന്നാണ് നടപടി. കോഴിക്കോട് താലൂക്കിൽ 40 അപേക്ഷകളും കോർപറേഷൻ പരിധിയിൽ 10 അപേക്ഷകളും കൊയിലാണ്ടി താലൂക്കിൽ 50 അപേക്ഷകളും വടകര താലൂക്കിൽ ഏഴ് അപേക്ഷകളുമായിരുന്നു നൽകിയിരുന്നത്. അർഹരായവരുടെ ലിസ്റ്റ് 2008 ഡിസംബർ 31ന് മുമ്പ് ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിൽ സമർപ്പിക്കാൻ നിർദേശവും നൽകിയിരുന്നു. എന്നാൽ, ഈ അപേക്ഷകൾ 2009 െഫബ്രുവരി 15ന് മാത്രമാണ് ജില്ല അധികൃതർ ലാൻഡ് റവന്യൂ കമീഷണർ ഓഫിസിന് കൈമാറിയത്. ഇത് കാരണം ജില്ലയിലെ ഭൂരഹിതരുടെ അപേക്ഷകൾ പരിഗണിക്കപ്പെടാതെ പോയി. ലിസ്റ്റ് സമർപ്പിക്കുന്നതിലുണ്ടായ കാലതാമസത്താൽ പരിഗണിക്കപ്പെടാതെ പോയ അപേക്ഷകൾ വീണ്ടും പരിഗണിച്ച് ഭൂമി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് ജില്ലകലക്ടർക്ക് നിയമസഭ പെറ്റിഷൻ സമിതി നിർദേശം നൽകിയത്. അണ്ടർ സെക്രട്ടറി എ.വി. ജോസഫൈനാണ് ഇക്കാര്യം അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.