കല്ലായ്​ തീരത്തെ കൈയേറ്റം: ജണ്ട സ്ഥാപിക്കാനെത്തിയ കലക്​ടറെയും സംഘത്തെയും തടഞ്ഞു

കോഴിക്കോട്: കല്ലായി പുഴ കൈയേറിയ ഭൂമിയില്‍ ജണ്ട സ്ഥാപിക്കാനുള്ള ശ്രമം മരവ്യാപാരികൾ തടഞ്ഞു. റവന്യൂ വകുപ്പി​െൻറ നേതൃത്വത്തില്‍ കലക്ടര്‍ യു.വി. ജോസ്, തഹസില്‍ദാര്‍ ഇ. അനിത കുമാരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരാണ് ജണ്ട സ്ഥാപിക്കാനെത്തിയത്. കല്ലായി പുഴയിൽ കൈയേറ്റം നടന്ന പ്രദേശത്ത് നേരത്തേ സ്ഥാപിച്ചിരുന്ന സർവേ കല്ലുകൾക്ക് പകരം ജണ്ട സ്ഥാപിക്കാനായിരുന്നു സംഘം സ്ഥലത്തെത്തിയത്. എന്നാല്‍, സ്ഥലം കൈയേറിയവർ പ്രദേശത്തെ ഒഴിപ്പിക്കലടക്കം എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടിയിരുന്നു. പ്രദേശത്തെത്തിയ കലക്ടർക്ക് ഇവർ ഈ ഉത്തരവി​െൻറ പകർപ്പ് കൈമാറി. തുടർന്ന് ഉത്തരവ് പരിശോധിച്ച ശേഷം സംഘം ജണ്ട സ്ഥാപിക്കാതെ തിരിച്ചു മടങ്ങി. അതേസമയം, ജണ്ട സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കല്ലായി പുഴ സംരക്ഷണ സമിതിയും മരവ്യാപാരികളും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. കോടതിയിൽനിന്ന് ഉത്തരവ് നേടിയതിനാൽ സർക്കാർ പ്ലീഡറോട് നിയമോപദേശം നേടിയതിനു ശേഷം തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കലക്ടർ യു.വി. ജോസ് മാധ്യമത്തോട് പറഞ്ഞു. ജണ്ട പ്രവർത്തനങ്ങൾക്കായി കോർപറേഷനാണ് മുൻകൈയെടുത്തിട്ടുള്ളത്. ഇതിനായി അഞ്ചു ലക്ഷം രൂപയും കോർപറേഷന് നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൈയേറ്റ ഭൂമിയുടെ കാര്യത്തിൽ കോടതി തീരുമാനം എടുക്കട്ടെ എന്നാണ് വ്യാപാരികൾ പറയുന്നത്. ഹൈകോടതി സ്റ്റേ ഉത്തരവ് നേരത്തേതന്നെ കലക്ടറേറ്റിൽ ഏൽപിച്ചിരുന്നു. കല്ലായിപ്പുഴ നവീകരണവും കൊട്ടിഘോഷിക്കുന്ന ടൂറിസം വികസനവും നല്ലതുതന്നെ. പക്ഷേ, അത് ഈ മേഖലയെ വിശ്വാസത്തിലെടുത്തുതന്നെയാവണമെന്നും വ്യാപാരികൾ പറഞ്ഞു. നാലുമാസം മുമ്പ് വ്യാപാരികളോട് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കച്ചവടക്കാര്‍ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപാരികൾ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങുകയായിരുന്നു. എന്നാൽ, അതി​െൻറ കാലാവധി കഴിഞ്ഞെന്നും പുതിയ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും തഹസിൽദാർ ഇ. അനിത കുമാരി പറഞ്ഞു. 21നു മുമ്പായി പുഴയിലിറക്കി വെച്ചിരിക്കുന്ന മരങ്ങൾ എടുത്തുമാറ്റുവാൻ വ്യാപാരികള്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു. കസബ, നഗരം, വളയനാട് വില്ലേജുകളിൽ നടത്തിയ സർവേയിൽ 21 ഏക്കര്‍ സ്ഥലം കൈയേറിയതായി കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.