കോഴിക്കോട്: സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം സി.എച്ച് വിചാർവേദി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വി.എം. സുധീരനും യു.എ. ഖാദറിനും എം.പി. വീരേന്ദ്രകുമാർ എം.പി സമ്മാനിച്ചു. ഏത് വേദിയിലായാലും മാന്യത കൈവിടാതെ സൂക്ഷിച്ച് സംസാരിക്കുന്നയാളായിരുന്നു സി.എച്ച് എന്ന് വീരേന്ദ്രകുമാർ പറഞ്ഞു. എം.പി. അബ്ദുസ്സമദ് സമദാനി അവാർഡ് വിതരണവും സി.എച്ച് അനുസ്മരണവും ഉദ്ഘാടനം ചെയ്തു. നിയമസഭയിൽ പോലും നിയമലംഘനങ്ങൾ നടക്കുകയാണെന്ന് വി.എം. സുധീരൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും നിയമസഭ എത്തിക്സ് കമ്മിറ്റി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഥയെഴുതുന്ന രീതി തന്നെ പഠിപ്പിച്ചത് സി.എച്ച്. മുഹമ്മദ് കോയയാണെന്ന് യു.എ. ഖാദർ അനുസ്മരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാര ജേതാക്കളെ പൊന്നാടയണിയിച്ചു. എം.കെ. രാഘവൻ എം.പി സ്നേഹപത്രം സമർപ്പിച്ചു. എം.സി. മായിൻ ഹാജി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വിചാർവേദി പ്രസിഡൻറ് സഫ അലവി അധ്യക്ഷത വഹിച്ചു. പി.എസ്. ശ്രീധരൻ പിള്ള, ടി. സിദ്ദീഖ്, കമാൽ വരദൂർ, എൻ.സി. അബൂബക്കർ, കെ.സി. അബു, ടി.വി. ബാലൻ, നവാസ് പൂനൂർ, ഇ.വി. ഉസ്മാൻ കോയ, കെ. മൊയ്തീൻ കോയ, ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. പി. ഇസ്മായിൽ സ്വാഗതവും എം.പി. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.