നാദാപുരം: -നിയമവിരുദ്ധമായി വീട്ടുജോലിക്ക് നിർത്തിയ ആദിവാസി, പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ റവന്യൂ, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് മോചിപ്പിച്ചു. നാദാപുരം കുമ്മങ്കോട്ടെ ഒതിയോത്ത് റിയാസിെൻറ വീട്ടിൽ ജോലിക്കു നിർത്തിയ വയനാട് വെള്ളമുണ്ടക്കടുത്ത പട്ടികജാതികോളനിയിലെ പത്തൊമ്പതുകാരിയെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി സ്വദേശത്തേക്കു കൊണ്ടുപോയത്. വയനാട് ആർ.ഡി.ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും വടകര ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും ബുധനാഴ്ച വൈകീട്ട് കുമ്മങ്കോട്ടെ വീട്ടിലെത്തിയത്. യുവതിയെ വ്യഴാഴ്ച വയനാട് ആർ.ഡി.ഒ മുമ്പാകെ ഹാജരാക്കി സുരക്ഷിതകേന്ദ്രത്തിൽ താമസിപ്പിക്കാനാണ് തീരുമാനം. നാലുമാസം മുമ്പാണ് യുവതിയെ ഏജൻറുമുഖേന കുമ്മങ്കോട്ടെ വീട്ടിൽ ജോലിക്കെത്തിച്ചത്. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ സമീപത്തെ വീട്ടിലും ജോലിക്കുനിർത്തി. എന്നാൽ, ഈ പെൺകുട്ടി അവിടെനിന്ന് ഒളിച്ചോടിയിരുന്നു. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തി പെൺകുട്ടിയെ സ്വന്തം വീട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു. നിലവിലുള്ള നിയമപ്രകാരം പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളെ വീട്ടുജോലിക്ക് നിർത്താൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ആദിവാസിപെൺകുട്ടികളെ കമീഷൻ അടിസ്ഥാനത്തിൽ വീടുകളിൽ ജോലിക്കെത്തിക്കുന്ന ഏജൻറുമാർ മേഖലയിൽ പ്രവർത്തിക്കുന്നതായി നേരേത്ത ആക്ഷേപം ഉയർന്നിരുന്നു. വടകര ഡെപ്യൂട്ടി തഹസിൽദാർ എൻ. ശിവദാസൻ, വടകര അസി. ലേബർ ഓഫിസർ സഞ്‌ജീവ്, വയനാട് ജില്ല ലേബർ ഓഫിസിലെ ലില്ലി തോമസ്, അഡ്വ. എൽബി എന്നിവരാണ് വീട്ടിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.