കോഴിക്കോട്: ബിരുദ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചവർക്കെതിരെ നിസ്സാര വകുപ്പ് ചുമത്തിയതിൽ പ്രതിഷേധം ശക്തം. കാമ്പസുകളിൽ ഉണ്ടാകുന്ന അടിപിടിക്കേസുകളിൽപ്പോലും വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തുന്ന പൊലീസ് കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ബോധപൂർവം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. ഞായറാഴ്ച വെള്ളയിൽ ജോസഫ്റോഡിലെ അറഫ ഹൗസിൽ ഷാഹിൽ (22) മിനി ബൈപാസിലെ ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് റിപ്പോർട്ട് ചെയ്യാനെത്തിയ മലയാള മനോരമ ലേഖകൻ ടി.ഡി. ദിലീപ് ഉൾപ്പെടെ മൂന്നുപേർക്കാണ് ക്രൂര മർദനമേറ്റത്. മർദിച്ചവരെ അന്നുതന്നെ കാണിച്ചു െകാടുത്തുവെങ്കിലും പേരുവിവരങ്ങൾ എഴുതിവാങ്ങിയ ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു. കേസിൽ നല്ലളം എണത്തിൽകാവിൽ വിജേഷ് ലാൽ (36), അരക്കിണർ ഫാത്തിമ നിവാസിൽ അസ്ക്കർ (39) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്െതങ്കിലും സ്റ്റേഷനിൽനിന്നുതന്നെ ജാമ്യം നൽകി വിട്ടയച്ചു. മാരകായുധങ്ങളുപയോഗിച്ച് കൊല്ലുമെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്ന് ദിലീപ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ നിസ്സാരവകുപ്പുകൾ മാത്രം ചുമത്തി റോഡിലെ അടിപിടിക്കേസാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ അറസ്റ്റിനുതന്നെ കൂട്ടാക്കാഞ്ഞ പൊലീസ് പത്രപ്രവർത്തക യൂനിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ടതിനുശേഷമാണ് അറസ്റ്റിന് മുതിർന്നത്. കൊല്ലപ്പെട്ടയാൾ മരണത്തിന് കാരണമായേക്കാവുന്ന തരത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇദ്ദേഹത്തിെൻറ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നവരും തമ്മിൽ ആശുപത്രി പരിസരത്തുെവച്ചുണ്ടായ കശപിശക്കുപിന്നാലെയാണ് സംഘം മാധ്യമപ്രവർത്തകർക്കുനേരെ തിരിഞ്ഞത്. മയക്കുമരുന്ന് സംഘങ്ങളുൾപ്പെടെയുള്ളവർക്ക് കേസിൽ പങ്കുണ്ടെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നിട്ടും പൊലീസ് അന്വേഷണത്തിൽ ജാഗ്രത കാണിക്കുന്നില്ലെന്നാണ് പരാതി. മാത്രമല്ല പലർക്കും ജില്ലവിട്ട് മാറിനിൽക്കാൻ അവസരം ലഭിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരഹൃദയത്തിൽ ഗുണ്ടായിസം കാണിച്ച ക്രിമിനലുകളെ നിസ്സാര വകുപ്പ് ചുമത്തി വെറുതെ വിടാനുള്ള പൊലീസ് നടപടിക്കെതിരെ മാധ്യമപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിക്കേറ്റ മാധ്യമപ്രവർത്തകൻ ഹാജരാക്കട്ടെയെന്ന പൊലീസ് നിലപാടും ഇതിനകം ചർച്ചയായി. അതിനിടെ പരിക്കേറ്റ ദിലീപ് ചൊവ്വാഴ്ച ആശുപത്രി വിെട്ടങ്കിലും വേദന മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചതിന് തുല്യമായി ജീവിക്കണമെന്ന ഉദ്ദേശ്യത്തോട് കൂടി ആക്രമിക്കുന്നവർക്ക് മാത്രമേ ദിലീപിെൻറ ശരീരത്തിൽ ഇങ്ങനെ ക്ഷതമേൽപിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. inner box മൊഴി വീണ്ടും രേഖപ്പെടുത്തണം -പത്രപ്രവർത്തക യൂനിയൻ കോഴിക്കോട്: ബിരുദ വിദ്യാർഥി ലോഡ്ജ് മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തി ക്രൂരമർദനത്തിനിരയായ മലയാള മനോരമ ലേഖകൻ ടി.ഡി. ദിലീപിെൻറ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി മാഫിയയുടെ ക്രൂര മർദനത്തിനിരയായ ദിലീപിെൻറ മൊഴി അർധരാത്രിയിലായിരുന്നു രേഖപ്പെടുത്തിയത്. ഉച്ചക്ക് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദിലീപ് മരുന്നുകൾ കഴിച്ച മയക്കത്തിനിടെയാണ് പൊലീസെത്തി മൊഴി രേഖപ്പെടുത്തിയത്. തന്നെ കല്ലുകൊണ്ട് തലക്കടിച്ച് വധിക്കാൻ ശ്രമിച്ചെന്നും ജനനേന്ദ്രിയത്തിൽ ചവിട്ടി വീഴ്ത്തിയെന്നുമുള്ള ദിലീപിെൻറ മൊഴി രേഖപ്പെടുത്തിയതുമില്ല. മൊഴി ദുർബലപ്പെടുത്തി ജാമ്യം ലഭിക്കുന്ന വകുപ്പിലൂടെ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമമെങ്കിൽ ബഹുജന സംഘടനകളെ പങ്കെടുപ്പിച്ച് കമീഷണർ ഓഫിസിലേക്ക് മാധ്യമ പ്രവർത്തകരുടെ മാർച്ച് ഉൾപ്പെടെ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് ജില്ല പ്രസിഡൻറ് കമാൽ വരദൂരും സെക്രട്ടറി എൻ. രാജേഷും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.