മാലിന്യം തള്ളൽ; നിയമസഭ പരിസ്ഥിതി സമിതി ചുരം സന്ദർശിച്ചു

ഈങ്ങാപ്പുഴ: നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ മുല്ലക്കര രത്നാകര​െൻറ നേതൃത്വത്തിൽ സമിതിയംഗങ്ങളായ പി.ടി.എ റഹീം, അനിൽ അക്കര എന്നിവർ താമരശ്ശേരി ചുരം സന്ദർശിച്ചു. ചുരത്തിൽ മാലിന്യം തള്ളുന്നതു സംബന്ധിച്ച് അമ്പലവയൽ സ്വദേശിയായ തോമസ് നിയമസഭ സമിതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദർശനം. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ ചുരത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, അനിയന്ത്രിതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ, മണ്ണിടിച്ചിൽ തുടങ്ങിയവ സമിതിയംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ചുരത്തിൽ മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ചുരം സംരക്ഷണസമിതി പ്രവർത്തകരെ സമിതിയംഗങ്ങൾ പ്രശംസിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കടുത്ത ശിക്ഷനടപടികൾ എടുക്കണമെന്ന് സമിതി റിപോർട്ട് നൽകും. ചുരത്തിൽ വഴിവിളക്കുകൾ, സി.സി.ടി.വി കാമറകൾ എന്നിവ സ്ഥാപിച്ചാൽ മാലിന്യം തള്ളുന്നത് പൂർണമായി തടയാനാകുമെന്നും സമിതിയംഗങ്ങൾ അഭിപ്രായപ്പെട്ടു. പൊലീസ്, വനംവകുപ്പ്, ചുരം സംരക്ഷണസമിതി, ദേശീയപാത അധികൃതർ എന്നിവർ സംയുക്തമായി ചുരത്തിൽ പെേട്രാളിങ് നടത്തണമെന്ന നിർേദശം നിയമസഭക്ക് സമർപ്പിക്കും. ഒക്ടോബർ 13ന് വയനാട്, കോഴിക്കോട് ജില്ല കലക്ടർമാരും ഇരു ജില്ലകളിലെയും പൊലീസ്, വനംവകുപ്പ്, ദേശീയപാത അധികൃതർ, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുരം സംരക്ഷണസമിതി പ്രവർത്തകർ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കടുപ്പിച്ചുകൊണ്ട് കോഴിക്കോട് കലക്ടറേറ്റിൽ യോഗംചേരും. വനം, റവന്യൂ, പൊതുമരാമത്ത്, ദേശീയപാത എന്നി വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ, വൈസ്പ്രസിഡൻറ് കുട്ടിയമ്മ മാണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് മാക്കണ്ടി, എം.ഇ. ജലീൽ, ഐബിറെജി, ബ്ലോക്ക് മെംബർ ഒതയോത്ത് അഷ്റഫ്, വാർഡ് മെംബർമാരായ ഷാഫി വളഞ്ഞപാറ, മുത്തു അബ്ദുസലാം, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. ഉസൈൻകുട്ടി, ചുരം സംരക്ഷണസമിതി പ്രസിഡൻറ് മൊയ്തുമുട്ടായി, ജനറൽ സെക്രട്ടറി പി.കെ. സുകുമാരൻ, ട്രഷറർ വി.കെ. താജുദ്ദീൻ എന്നിവരോടൊപ്പമാണ് സമിതിയംഗങ്ങൾ ചുരം സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.