പന്തീരാങ്കാവ് ടോൾപ്ലാസയിൽ ട്രയൽ റൺ തുടങ്ങിയപ്പോൾ
കോഴിക്കോട്: ദേശീയപാത വെങ്ങളം-രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിനു തുടക്കം. ടോൾ പിരിവിന്റെയും പ്ലാസയിലെ മറ്റു സംവിധാനങ്ങളുടെയും കൃത്യത പരിശോധിക്കാനാണ് ട്രയൽ റൺ ആരംഭിച്ചത്. ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ച ശേഷം 15 മുതൽ ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം. ഇതിനായുള്ള വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങും.
ടോൾ ബൂത്തിൽ സ്ഥാപിച്ചിട്ടുള്ള സ്കാനർ അടക്കമുള്ള ഉപകരണങ്ങളുടെ പ്രവർത്തന കാര്യക്ഷമതാ പരിശോധനകളാണ് ഇപ്പോൾ നടുന്നത്. ഏതാനും ദിവസങ്ങൾകൊണ്ട് ടോൾ പ്ലാസയിലെ ഉപകരണങ്ങളെല്ലാം നൂറുശതമാനവും പ്രവർത്തനസജ്ജമാകുമെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. ടോൾ ബൂത്തിലെ ജീവനക്കാർക്കുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ പ്ലാസയിൽ നൂറിലേറെ ജീവനക്കാരുണ്ടാകും.
ഇതിൽ കുറഞ്ഞത് 60 പ്രദേശവാസികളെ ഉൾപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. ടോൾ ബൂത്തിന് സമീപം വിവിധ കമ്പനികളുടെ ഫാസ്റ്റ് ടാഗ് കേന്ദ്രങ്ങളുമുണ്ട്.
പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായവർ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ ടാക്‌സി ഒഴികെ സ്വകാര്യ കാർ അടക്കമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇതുള്ളവർക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസയിലൂടെ കടന്നുപോകാം. സ്വകാര്യ കാറുകൾക്ക് 200 തവണ ടോൾ പ്ലാസയിലൂടെ കടന്നുപോകാനാകുംവിധം 3000 രൂപയുടെ വാർഷിക പാസ് രാജ്മാർഗ് യാത്ര ആപ്പിലൂടെ രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.
നാഷനൽ പെർമിറ്റ് വാഹനങ്ങൾ ഒഴികെ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്ക് ഫാസ്റ്റാഗ് ഉപയോഗിക്കുമ്പോൾ 50 ശതമാനം ഇളവും നൽകും. ടോളിൽ 50 യാത്രകൾക്ക് ഉപയോഗിക്കുന്ന തരത്തിൽ പ്രത്യേക പാസും ഒളവണ്ണ ടോൾ പ്ലാസയെന്ന പേരിൽ ദേശീയപാത അതോറിറ്റി രേഖകളിൽ അറിയപ്പെടുന്ന പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ ഉണ്ടാകും. ഡിസംബർ അവസാനം വിവിധ വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി പുറത്തുവിട്ടിരുന്നു.
ടോൾ പിരിവ് തുടങ്ങുമ്പോൾ ആക്ടിവായ ഫാസ്റ്റാഗിനാകും പ്ലാസയിൽ മുൻതൂക്കം ലഭിക്കുക. ഫാസ്റ്റാഗ് ഇല്ലെങ്കിൽ യു.പി.ഐ പേമെന്റുകൾക്ക് 1.25 ഇരട്ടിയും കാഷ് പേമെന്റുകൾക്ക് രണ്ടിരട്ടിയും നിരക്ക് ഈടാക്കും. ഉദാഹരണമായി കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് ഒരു വശത്തേക്ക് 90 രൂപ ഫാസ്റ്റാഗ് നിരക്ക് ഈടാക്കുമ്പോൾ യു.പി.ഐയിൽ അത് 112.5 രൂപയും പണമായി നൽകിയാൽ 180 രൂപയും ആകും.
മഹാരാഷ്ട്ര ആസ്ഥാനമായുളള ഹുലെ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ മൂന്ന് മാസത്തേക്ക് ടോൾ പിരിവ് നടത്തുക. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ച ശേഷമാകും ടോൾ പിരിവ്.
2021 ആഗസ്റ്റ് 15നാണ് ദേശീയപാത 66ൽ 28.4 കിലോമീറ്റർ വരുന്ന വെങ്ങളം-രാമനാട്ടുകര റീച്ചിൽ നിർമാണം ആരംഭിച്ചത്. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിർമാണം പൂർത്തിയായത്. കിലോമീറ്ററിന് 63 കോടിയിലധികം രൂപ എന്ന, സംസ്ഥാനത്തെ ദേശീയപാത ബൈപാസ് നിർമാണത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത് പൂർത്തിയാക്കിയത്. ഫ്ലൈഓവറുകൾ കൂടുതലായി വന്നതാണ് ഈ റീച്ചിൽ നിർമാണ നിരക്കുയരാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.