വി.എച്ച്.എസ്.ഇ അധ്യാപക സ്ഥലംമാറ്റം വീണ്ടും മുടങ്ങി

സുല്‍ത്താന്‍ ബത്തേരി: ആറു മാസമായി ആരംഭിച്ച വി.എച്ച്.എസ്.ഇ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം വീണ്ടും അനിശ്ചിതത്വത്തിൽ. വിദൂര ജില്ലകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സ്വന്തം ജില്ലയില്‍ എത്തിച്ചേരുന്നതിന് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റില്‍നിന്ന് സുതാര്യമായ രീതിയില്‍ സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ വഴി തയാറാക്കിയ സ്ഥലംമാറ്റ ലിസ്റ്റാണ് ഭരണാനുകൂല സംഘടന ഇടപെട്ട് മുടക്കിയിരിക്കുന്നതെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) വയനാട്, കോഴിക്കോട് ജില്ല കമ്മിറ്റികള്‍ ആരോപിച്ചു. ലിസ്റ്റ് മുടക്കിയ വിഷയത്തില്‍ സർക്കാർ ശക്തമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. വെറും അഞ്ചു ശതമാനം ജീവനക്കാര്‍ക്കുവേണ്ടിയാണ് മൂവായിരത്തിലധികം പേര്‍ക്ക് ഗുണകരമാവുന്ന സ്ഥലംമാറ്റം മുടക്കിയതെന്നും നിലപാട് തിരുത്താന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെ.പി.എസ്.ടി.എ അറിയിച്ചു. ----------- ജില്ല ആശുപത്രിയിൽ പൊലീസ് സേവനം മാനന്തവാടി: ജില്ല ആശുപത്രിയിൽ വ്യാഴാഴ്ച മുതൽ പൊലീസി​െൻറ സേവനം ലഭ്യമായതായി ഒ.ആർ. കേളു എം.എൽ.എ അറിയിച്ചു. ആശുപത്രിയിൽ പൊലീസ് എയ്‍ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പൊലീസുകാര്‍ക്ക് വിശ്രമിക്കാനും മറ്റും ആവശ്യമായ സൗകര്യങ്ങൾ ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി ഒരുക്കിക്കൊടുക്കണം. ഇതിനുള്ള താൽക്കാലിക സംവിധാനം ആർ.എം.ഒയുെട നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ആദ്യഘട്ടമെന്നോണം വ്യാഴാഴ്ച രാവിലെ 10 മുതൽ രാത്രി ഏഴു വരെ ജില്ല ആശുപത്രി പരിസരത്ത് പൊലീസിനെ വിന്യസിച്ചു. ഇത് 24 മണിക്കൂറാക്കാനും ആലോചിക്കുന്നുണ്ട്. ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽനിന്ന് പൊലീസുകാരെ വിന്യസിച്ച് എയ്ഡ്പോസ്റ്റ് യാഥാർഥ്യമാക്കാനാണ് ശ്രമം. ---------- റാബീസ് വാക്സിനേഷൻ ക്യാമ്പ് പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മൃഗാശുപത്രിയുടെ സഹകരണത്തോടെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ വെള്ളിയാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാറത്തറ 16ാം മൈലിൽ പ്രസര ക്ലബ് പരിസരത്ത് വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പും ആരോഗ്യപരിശോധനയും നടത്തും. വാക്സിനേഷൻ സർട്ടിഫിക്കറ്റും ബെൽറ്റും സൗജന്യമായി നൽകും. ----------- റോഡുകളുടെ ശോച്യാവസ്ഥ: ഞാറുനട്ടും സെൽഫിയെടുത്തും പ്രതിഷേധം മാനന്തവാടി: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ വ്യത്യസ്തമായ പ്രതിഷേധ പരിപാടികളുമായി ബി.ജെ.പി. 'സെൽഫി വിത്ത് ഗട്ടർ' എന്ന പേരിൽ യുവമോർച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിന് തുടക്കംകുറിച്ചു. കൽപറ്റ-പടിഞ്ഞാറത്തറ റോഡി​െൻറ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11ന് കൽപറ്റ ചുങ്കത്തിന് സമീപത്തും കാവുംമന്ദം കിണറിന് സമീപത്തും ഞാറുനട്ടും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കും. 'സെൽഫി വിത്ത് ഗട്ടർ' പ്രതിേഷധ പരിപാടിയിൽ പൊതു ജനങ്ങൾക്കും പങ്കാളികളാകാം. തകർന്ന റോഡുകളിൽ നിന്നെടുക്കുന്ന സെൽഫികൾ എല്ലാ ദിവസവും യുവമോർച്ചയുടെ വയനാട് ജില്ല ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും. ഏറ്റവും നല്ല സെൽഫികൾക്ക് സമ്മാനവും നൽകുമെന്ന് യുവമോർച്ച ജില്ല പ്രസിഡൻറ് അഖിൽ പ്രേം പറഞ്ഞു. പ്രതിഷേധ പരിപാടി ആദ്യ സെൽഫിയെടുത്ത് ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മലവയൽ, ജിതിൻ ഭാനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.