പൂനൂരില്‍ കൂള്‍ബാറില്‍നിന്ന് ഒന്നരലക്ഷം രൂപയുമായി ഇതരസംസ്ഥാന തൊഴിലാളി മുങ്ങിയതായി പരാതി

കൂള്‍ബാറില്‍നിന്ന് ഒന്നരലക്ഷം രൂപയുമായി ഇതരസംസ്ഥാന തൊഴിലാളി മുങ്ങി എകരൂല്‍: പൂനൂര്‍ ടൗണില്‍ നരിക്കുനി റോഡില്‍ എസ്.ബി.ഐ ബാങ്കിനടുത്ത് പ്രവര്‍ത്തിക്കുന്ന 'ടീ ടൈം ബേക്കറി ആൻഡ് കൂള്‍ ബാര്‍' എന്ന സ്ഥാപനത്തില്‍ നിന്ന് 1,49,500 രൂപയുമായി ഇതരസംസ്ഥാന തൊഴിലാളി മുങ്ങിയതായി ഉടമകള്‍ ബാലുശ്ശേരി പൊലീസില്‍ പരാതിനല്‍കി. മംഗളൂരു ഒസംഗഡി സ്വദേശി അസറുദ്ദീന്‍ (32) എന്നയാളാണ്‌ പണവുമായി മുങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. മറ്റൊരാള്‍ക്ക് കൊടുക്കാനുള്ള പണം കടയിലെ മേശയില്‍ സൂക്ഷിച്ചതായിരുന്നുവെന്ന് കടയുടമസ്ഥരിലൊരാളായ ഷഫീഖ് പറഞ്ഞു. വൈകിട്ട് നാലരയോടെയാണ് കടലാസില്‍ പൊതിഞ്ഞുകെട്ടി പണം മേശയില്‍ സൂക്ഷിച്ചത്. കടയില്‍ തിരക്കായ സമയം മേശവലിപ്പില്‍നിന്ന് പണമടങ്ങിയ കടലാസ്പൊതിക്ക്പകരം അതേ രൂപത്തിലുള്ള ബിസ്ക്കറ്റ് പൊതി മേശയില്‍ വെച്ചാണ് കടയുടമയെ കബളിപ്പിച്ചത്. വൈകിട്ട് ആറരയോടെ കടയില്‍നിന്ന്‍ പുറത്തിറങ്ങിയ അസറുദ്ദീന്‍ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. റൂമില്‍ സൂക്ഷിച്ച ബാഗും സാധനങ്ങളുമെല്ലാം എടുത്താണ് സ്ഥലം വിട്ടതത്രെ. ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണെന്നും ജോലിയിലുള്ള ആത്മാർഥതയും നല്ല പെരുമാറ്റവും കണ്ടതിനാലാണ് 20 ദിവസംമുമ്പ് കടയില്‍ ജോലിക്ക് വെച്ചതെന്നും കടയുടമസ്ഥര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.