തീ കൊണ്ട്​ കളിക്കരുത്​; ആർ.എസ്​.എസിന്​ താക്കീതുമായി മമത

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാറി​െൻറ വിലക്കുലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ടുപോകുമെന്ന സംഘ്പരിവാർ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആർ.എസ്.എസും അനുബന്ധസംഘടനകളും തീകൊണ്ട് കളിക്കരുതെന്നും അവർ താക്കീതു നൽകി. പൂജയുമായി ബന്ധപ്പെട്ട് സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വീടുകളിലും പൂജാമന്ദിരങ്ങളിലും നടക്കുന്ന വിജയദശമി ആഘോഷം നിർത്തലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന വ്യാജപ്രചാരണം ഉയരുന്നുണ്ട്. ഒക്ടോബർ ഒന്നിന് ഏകാദശിയും മുഹർറവും ഒരുമിച്ചു വരുന്നതിനാൽ ആ ദിവസം ദുർഗ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പാടില്ലെന്നാണ് അറിയിച്ചത്. ഒക്ടോബർ രണ്ടുമുതൽ നാലുവരെ ഘോഷയാത്രകൾക്കോ മറ്റ് ആഘോഷങ്ങൾക്കോ തടസ്സമില്ല. പൂജ ആഘോഷങ്ങൾ വിലക്കുകയല്ല, മുഹർറത്തോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും മമത വ്യക്തമാക്കി. വിജയദശമിയോടനുബന്ധിച്ച് സ്വകാര്യ, മതകേന്ദ്രങ്ങളിൽ ആയുധപൂജ നടത്തുമെന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മമത രംഗത്തെത്തിയത്. മുഹർറത്തിന് ദുർഗ പൂജയുടെ ഭാഗമായി വിഗ്രഹങ്ങള്‍ കടലിലൊഴുക്കാന്‍ സംഘ്പരിവാര്‍ തയാറെടുക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിറകെ മുഹർറം ദിനത്തിലെ ആഘോഷങ്ങള്‍ക്ക് സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 30നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് വിഗ്രഹ നിമഞ്ജന ഘോഷയാത്രക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഇത് തള്ളിയ സംഘ്പരിവാര്‍ ആഘോഷങ്ങള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.