ഗൗരിയുടെ കൊലപാതകത്തിനുപിന്നിലാരെന്ന് അവരുടെ ലേഖനങ്ങൾ വായിച്ചാലറിയാം -ശിവസുന്ദർ കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിനുപിന്നിലാരാണെന്ന് ലങ്കേഷ് പത്രികയുടെ ഓരോ ലക്കങ്ങളും വായിച്ചാൽ വ്യക്തമാവുമെന്ന് പത്രികയുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദർ പറഞ്ഞു. സേവ് ഇന്ത്യ ഫോറം സംഘടിപ്പിച്ച 'ഗാന്ധി മുതൽ ഗൗരി വരെ' ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധ സംഗമത്തിൽ ഗൗരി ലങ്കേഷ് അനുസ്മരണം നടത്തുകയായിരുന്നു അവരുടെ ദീർഘകാല സഹപ്രവർത്തകനായിരുന്ന അദ്ദേഹം. ഹിന്ദുത്വ അജണ്ടയും കോർപറേറ്റുകളും ജീർണിച്ച മാധ്യമപ്രവർത്തനവും ഭരണകൂടവും ഉതിർത്ത വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. ആർ.എസ്.എസ് എന്നും ഗൗരിക്ക് ഭീഷണിയായിരുന്നുവെന്ന് അവരുടെ പ്രസിദ്ധീകരണം വായിച്ചാൽ മനസ്സിലാകും. കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം വഴിതിരിച്ചുവിടാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിനാലാണവർ നക്‌സലുകളാണ് മരണത്തിനു പിന്നിലെന്ന് പ്രചരിപ്പിക്കുന്നത്. കുറേപേർ ചേർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ അവരുടെ മരണം ആഘോഷിക്കുന്നു. എല്ലാ മേഖലയിലും വർഗീയത പരത്തുകയാണവർ. തെൻറ സ്വസ്ഥ ഇടത്തിൽ നിന്ന് സംഘർഷ ഇടത്തിലേക്ക് മാറി ഗൗരി ലങ്കേഷ് നിലകൊണ്ടത് എല്ലാവർക്കും വേണ്ടിയാണ് -ആദിവാസികൾക്കും ദലിതർക്കും ഭിന്നലിംഗക്കാർക്കുമെല്ലാം വേണ്ടി. മരണം കൊണ്ട് അവരെ നിശ്ശബ്ദയാക്കാനാവില്ല. ഗൗരി കൂടുതൽ ജീവിക്കുകയാണ് ഇപ്പോഴെന്നും നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരുന്ന സ്വാതന്ത്ര്യവും ആശയവും തന്നെയായിരുന്നു അവരെന്നും ശിവസുന്ദർ പറഞ്ഞു. സേവ് ഇന്ത്യ ഫോറം പ്രസിഡൻറ് ഗോപാൽ മേനോൻ അധ്യക്ഷത വഹിച്ചു. തമിഴ് ഡോക്യുമെൻററി സംവിധായിക ദിവ്യ ഭാരതി, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കമാൽ വരദൂർ, സി. ദാവൂദ്, കെ.എച്ച്. നാസർ, കെ.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. സംഗമത്തിെൻറ ഭാഗമായി കബിതാ മുഖോപാധ്യായ, പ്രഭാകരൻ, മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ചിത്രരചന നടത്തി. പ്രകാശ് കരിമ്പ സംവിധാനം ചെയ്ത 'ആട്ടക്കളം' നാടകവും അരങ്ങേറി. ഫോറം ജന. സെക്രട്ടറി പ്രദീപ് ഉഷസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.