'ആട്ടക്കളം' പറയുന്നു; പോരാട്ടമാണ് ജീവിതം

കോഴിക്കോട്: എതിർശബ്ദങ്ങളുയർത്തുന്നവരെ അരിഞ്ഞുവീഴ്ത്തുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി 'ആട്ടക്കളം' തെരുവുനാടകം. തിന്നാനും എഴുതാനും ശ്വസിക്കാന്‍ പോലുമുള്ള അവകാശം കവര്‍ന്നെടുക്കുന്ന കാലത്ത്്് കീഴടങ്ങലോ മരണമോയല്ല, പോരാട്ടമായിരിക്കണം ജീവിതമെന്നാണ് നാടകം പറഞ്ഞുവെക്കുന്നത്. മാധ്യമം കോഴിക്കോട് യൂനിറ്റിലെ ഫോട്ടോഗ്രാഫർ പ്രകാശ് കരിമ്പ രചനയും സംവിധാനവും നിർവഹിച്ച 'ആട്ടക്കളം' ജനകീയ നാടക സംഘവും കാലിക്കറ്റ് പ്രസ് ക്ലബ്ബും ചേർന്നാണ് അരങ്ങിലെത്തിച്ചത്. ഒരു ഗ്രാമത്തിലെ മനുഷ്യരെല്ലാം കൈയിലുള്ളതെല്ലാം പങ്കിട്ടെടുത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന കാഴ്ചയിൽനിന്നാണ് നാടകം തുടങ്ങുന്നത്. നാടും ഭരണാധികാരികളും മാറുമ്പോൾ മനുഷ്യജീവിതങ്ങൾക്കുണ്ടാവുന്ന മാറ്റമാണ് പിന്നീട് നാടകത്തിലുടനീളം. റേഷൻകാർഡ്, ആധാർകാർഡ്, പാൻകാർഡ്, എ.ടി.എം കാർഡ് തുടങ്ങി ഒട്ടേറെ 'തിരിച്ചറിയൽ കാർഡുകൾക്കിടയിലും' തിരിച്ചറിയപ്പെടാതെ നെട്ടോട്ടമോടേണ്ടി വരുന്ന സാധാരണക്കാരനുമായി കാണികൾക്ക് എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാനാവും. എല്ലാ കാര്‍ഡുകളും ഹാജരാക്കിയിട്ടും വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ ഓടിത്തളര്‍ന്ന് വിശപ്പടക്കാനായി ഹോട്ടലില്‍ കയറുന്ന ഗൃഹനാഥന് ഇഷ്ടഭക്ഷണമായ ബീഫി​െൻറ പേരിലുള്ള നിയന്ത്രണവും കടുത്ത പരീക്ഷണമാവുകയാണ്. എല്ലാം മടുത്ത് ഒരു തുണ്ടുകയറിൽ ജീവിതമവസാനിപ്പിക്കാനൊരുങ്ങുമ്പോൾ തൂക്കുകയറിന് 18ശതമാനം ജി.എസ്.ടി നൽകേണ്ടി വരുന്നത് ഈ നയത്തി​െൻറ ഫലശൂന്യതയെക്കുറിച്ചോർമിപ്പിക്കുന്നു. മരിക്കാനൊരുങ്ങുമ്പോള്‍ വീണുകിട്ടുന്ന പത്രത്താളിലൂടെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന വാര്‍ത്ത വായിക്കുന്ന കഥാപാത്രം എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ഈ കാലത്ത് താന്‍ മരിക്കേണ്ടവനാണോ അതോ പോരാട്ടം നടത്തേണ്ടവനോ എന്ന് സ്വയം ചോദിക്കുകയാണ്. ഓരോ പ്രേക്ഷകനിലേക്കും ആ ചോദ്യമെറിഞ്ഞ്, ഒടുവിൽ പോരാട്ടം തന്നെയാണ് ജീവിതമെന്ന സന്ദേശം പകര്‍ന്ന് നാടകം അവസാനിപ്പിക്കുന്നു. കരുണാകരന്‍ പറമ്പിലാണ് 'ആട്ടക്കള'ത്തിൽ അരങ്ങിലെത്തിയത്. നാടകാവതരണവും പ്രതിഷേധസംഗമവും അനിൽകുമാർ തെരുവോത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് സെക്രട്ടറി എൻ. രാജേഷ് അധ്യക്ഷത വഹിച്ചു. മാവൂർ വിജയൻ, കമാൽ വരദൂർ, എ.കെ. രമേശ് എന്നിവർ സംസാരിച്ചു. വിദ്വേഷപ്രസംഗം നടത്തിയ ശശികലയുടെ കോലം കത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.