അത്തോളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1989 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം നടൻ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് പ്രദീപ് കാവുന്തറ മുഖ്യാതിഥിയായിരുന്നു. സിനിർ ഹംസ അധ്യക്ഷത വഹിച്ചു. റിജേഷ് കോഴിക്കോട്, ഷറീന, ധനേഷ് എന്നിവർ സംസാരിച്ചു. ബിജു അത്തോളി സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. ഒളവണ്ണയിലും കടലുണ്ടിയിലും ടൂറിസം പദ്ധതി മാത്തറ: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസർവ്, വനം, കൃഷി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് നീർത്തടത്തെ അടിസ്ഥാനപ്പെടുത്തിയ പുതിയ ടൂറിസം വികസന പദ്ധതിക്ക് രൂപംനൽകിയത്. തോണിയാത്ര, ഹൗസ്ബോട്ടുകൾ, പുഴ-കടൽമത്സ്യ വിഭവങ്ങളടങ്ങിയ ഗ്രാമീണഭക്ഷണം, അക്വാകൾചർ പാർക്ക്, ഹോംസ്റ്റേ, ആയുർവേദ സുഖചികിത്സ, പാരമ്പര്യ ഉൽപന്നങ്ങളുടെ ഉൽപാദനവും നിർമാണവും, കരകൗശല വസ്തുക്കളുടെ മ്യൂസിയം, അക്വാട്ടിക് ബയോപാർക്ക്, വാച്ച് ടവർ തുടങ്ങി വൈവിധ്യമാർന്നതും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം വികസനപദ്ധതിക്കാണ് ജലായനം ടൂറിസത്തിലൂടെ തുടക്കംകുറിക്കുക. കടലുണ്ടി, ചാലിയാർ, മാമ്പുഴ പുഴകളുടെ മനോഹാരിത നുകരാനും ഗ്രാമീണ നൈപുണ്യവും രുചികളും അനുഭവിച്ചറിയാനും വേദിയൊരുക്കുന്ന ടൂറിസം പാക്കേജുകൾക്ക് ഒന്നാംഘട്ടത്തിൽ തുടക്കംകുറിക്കും. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമാർ വൈസ് ചെയർമാൻമാരുമായി കോഴിക്കോട് ബ്ലോക്ക് ടൂറിസം ഡെവലപ്മെൻറ് കൗൺസിലിന് രൂപംനൽകി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മെംബർ സെക്രട്ടറിയായി പ്രവർത്തിക്കും. വിവിധ വകുപ്പു തലവൻമാർ എക്സിക്യൂട്ടിവ് മെംബർമാരാകും. ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ല കോഒാഡിനേറ്റർ കൺവീനറായി പ്രവർത്തിക്കും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഒാഡിനേറ്റർ രൂപേഷ് കുമരകം പദ്ധതി വിശദീകരിച്ചു. ജലായനം ടൂറിസം പദ്ധതി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ഒളവണ്ണയിലും കടലുണ്ടിയിലും മാതൃകാപരമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയകുമാർ എന്നിവർ പഞ്ചായത്ത്തല പദ്ധതികൾ വിശദീകരിച്ചു. ജില്ല ഫോറസ്റ്റ് ഓഫിസർ സുനിൽകുമാർ, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, ബേപ്പൂർ തുറമുഖം അസി. എക്സി. എൻജിനീയർ ജയദീപ്, ജൈവവൈവിധ്യ ബോർഡ് ജില്ല കോഒാഡിനേറ്റർ എം. രമേശ്, കടലുണ്ടി കമ്യൂണിറ്റി റിസർവ് സെക്രട്ടറി ശിവദാസൻ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 28ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്ന ടൂറിസം ശിൽപശാലയിൽ പദ്ധതികൾക്ക് ഔപചാരികമായ തുടക്കംകുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.