നെല്‍കൃഷിയുടെ പുത്തന്‍പാഠങ്ങള്‍ പകര്‍ന്നുനല്‍കി മങ്ങാട് എ.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍

എകരൂല്‍: കാര്‍ഷിക മേഖലയില്‍നിന്നകലുന്ന പുതുതലമുറക്ക് പുത്തന്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് എ.യു.പി സ്കൂളിലെ ഒരുപറ്റം കുട്ടികള്‍. മുട്ടോളം ചളിയില്‍ പാടത്തിറങ്ങി ഞാറു നട്ടാണ് അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം കുട്ടികള്‍ കൃഷിപാഠം സ്വായത്തമാക്കിയത്. സ്കൂള്‍ കാര്‍ഷിക ക്ലബി‍​െൻറ നേതൃത്വത്തിലാണ് സ്കൂളിനടുത്തുള്ള വയലില്‍ നെല്‍കൃഷിയിറക്കിയത്. മലയാളിയുടെ മുഖ്യാഹാരം അരിയാണെങ്കിലും അരി ഉൽപാദിപ്പിക്കുന്നത് എങ്ങനെയാണെന്നത് പല കുട്ടികള്‍ക്കും അജ്ഞാതമായിരുന്നു. നെല്‍വയലുകള്‍ കുറയുന്നതും കാര്‍ഷിമേഖലയില്‍നിന്നുള്ള പിന്നോട്ടുപോക്കുമാണ് പുതിയ തലമുറയെ കാര്‍ഷിക സംസ്കൃതിയില്‍നിന്ന് അകറ്റിനിര്‍ത്തിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവിപണിയെ പൂര്‍ണമായും ആശ്രയിക്കാന്‍ തുടങ്ങിയതോടെ നാട്ടിന്‍ പുറങ്ങളിലെ നെല്‍കൃഷി പോലും ക്രമേണ ഇല്ലാതാവുകയായിരുന്നു. എന്നാല്‍, വൈകിയാണെങ്കിലും പുതിയ തലമുറ യാഥാർഥ്യം തിരിച്ചറിയുന്നുവെന്നതാണ് മങ്ങാട് എ.യു.പി സ്കൂളില്‍നിന്നുള്ള പാഠം. കുട്ടികളെ നെല്‍കൃഷിയെപ്പറ്റി പഠിപ്പിക്കാന്‍വേണ്ടി മാത്രമാണ് സ്കൂളിനുസമീപത്തെ വയലില്‍ കാര്‍ഷിക ക്ലബി‍​െൻറ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കിയത്. വിത്തിട്ടതും ഞാറ് പറിച്ചതുമെല്ലാം അധ്യാപകരും കുട്ടികളുംതന്നെയാണ്. എല്ലാ സഹായങ്ങളുമായി നാട്ടുകാരും കാര്‍ഷിക ക്ലബ് കണ്‍വീനര്‍ കെ.ടി. ശശീന്ദ്രനും രംഗത്തുണ്ടായിരുന്നു. അപൂർവമായിമാത്രം കണ്ടിട്ടുള്ള വയലേലകളും ഞാറ്റടികളുമെല്ലാം നേരില്‍ക്കാണാന്‍ കഴിഞ്ഞതി‍​െൻറ സന്തോഷത്തിലായിരുന്നു കുട്ടികള്‍. നടീലുത്സവം ഉണ്ണികുളം പഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് സലാം തൊളോത്ത് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ്‌ മെംബര്‍മാരായ തൊളോത്ത് മുഹമ്മദ്‌, അജിത്‌കുമാര്‍ ഏറാടിയില്‍, ബി.പി.ഒ സഹീര്‍, സാജിത, നൗഫല്‍, ബാലകൃഷ്ണന്‍നായര്‍,അബ്ദുല്‍മജീദ്‌, അഷ്‌റഫ്‌ മൂത്തേടത്ത്, ചോയി, അബ്ദുല്‍ ജബ്ബാര്‍, കെ.കെ. ഉമ്മര്‍, ഷക്കീല എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.കെ. ആമിന സ്വാഗതവും ക്ലബ് കണ്‍വീനര്‍ കെ.ടി. ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.